SignIn
Kerala Kaumudi Online
Tuesday, 04 August 2026 8.17 PM IST

ഗംഭീറോ ദ്രാവിഡോ അല്ല, തന്റെ പ്രിയപ്പെട്ട പരിശീലകനെക്കുറിച്ച് വെളിപ്പെടുത്തി മുഹമ്മദ് ഷമി

READ ENGLISH VERSION
mohammed-shami-
മുഹമ്മദ് ഷമി

കൊൽക്കത്ത: 2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായിരുന്ന പേസ് ബൗളറാണ് മുഹമ്മദ് ഷമി. പക്ഷെ 2027ലെ ലോകകപ്പിൽ ഷമി കളിക്കാനുള്ള സാദ്ധ്യതകൾ വിരളമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും വിലയിരുത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ദിവസങ്ങൾ കഴിയുംതോറും അകന്നുപോവുകയാണ്.

പരിക്കുമൂലമാണ് ഷമിക്ക് ആദ്യം ദേശീയ ടീമിൽ ഇടം നേടാൻ കഴിയാതിരുന്നതെങ്കിലും പിന്നീട് ഒരു വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയിട്ടും സെലക്ടർമാർ അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. നിലവിൽ അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റിനുള്ള ശാരീരിക ക്ഷമതയില്ലെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വിലയിരുത്തൽ.

2025 മാർച്ചിലാണ് താരം അവസാനമായി ഒരു രാജ്യാന്തര മത്സരം (ഏകദിനം) കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലാകട്ടെ 2023ലാണ് അദ്ദേഹം മൈതാനത്തിറങ്ങിയത്. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട പരിശീലകൻ ആരാണെന്ന ചോദ്യത്തിന് ഷമി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മനസ് തുറക്കുകയായിരുന്നു അദ്ദേഹം.

'താരതമ്യം ചെയ്യുക വളരെ ബുദ്ധിമുട്ടാണ്... 'ഗൗതി ഭായിക്ക്' കീഴിൽ ഞാൻ അധികം കളിച്ചിട്ടില്ല. 'രാഹുൽ ഭായിക്കും' 'അനിൽ ഭായിക്കും' ഒപ്പം ഞാൻ ഏറെ സമയം ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഞാൻ 'രവി ഭായിയെ' (രവി ശാസ്ത്രി) തിരഞ്ഞെടുക്കും. ഒരു താരം മൈതാനത്തിറങ്ങുമ്പോൾ പുറത്തുനിന്ന് കാണുന്ന ആവേശവും ആക്രമണോത്സുകതയും അദ്ദേഹത്തിന്റെ പരിശീലനത്തിൽ കാണാം,' - ഷമി പറഞ്ഞു.

2023 ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ കുപ്പായത്തിൽ ഷമിയുടെ അവസാനത്തെ വലിയ ഹൈലൈറ്റ്. വെറും ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന റെക്കോർഡും ഷമി സ്വന്തമാക്കി. എന്നാൽ ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടത് ഇന്നും തീരാത്ത വേദനയായി ബാക്കിനിൽക്കുന്നുണ്ടെന്ന് ഷമി പറയുന്നു.

'ആ ഓർമ്മ എന്റെ മനസിൽ ഒരു ചിത്രം പോലെ പതിഞ്ഞുപോയിട്ടുണ്ട്. ഫൈനൽ നമ്മൾ ജയിക്കണമായിരുന്നു എന്നതൊഴിച്ചാൽ വേറെ കുറ്റബോധമൊന്നുമില്ല. കിട്ടിയ റെക്കോർഡുകളിലൊന്നും വലിയ കാര്യമല്ല. എങ്കിലും, ലോകകപ്പുകളുടെ ചിത്രങ്ങളോ റീലുകളോ മുന്നിൽ വരുമ്പോൾ, ഐസിസി ടൂർണമെന്റുകളിൽ എനിക്ക് നഷ്ടമായ മത്സരങ്ങളെക്കുറിച്ചാണ് ഓർമ്മവരുന്നത്. എല്ലാ വർഷവും പ്രധാന ടൂർണമെന്റുകളിൽ മൂന്നോ നാലോ അഞ്ചോ മത്സരങ്ങൾ എനിക്ക് നഷ്ടമായിട്ടുണ്ട്. ആ മത്സരങ്ങൾ കൂടി ഞാൻ കളിച്ചിരുന്നെങ്കിൽ, വിക്കറ്റ് വേട്ടയിൽ ഏറ്റവും മുകളിൽ ഉണ്ടാകുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിരുന്നു,'- ഷമി കൂട്ടിച്ചേർത്തു.

English Summary

Despite strong domestic performances, fast bowler Mohammed Shami's return to the Indian team seems unlikely, casting doubt on his chances of playing in the 2027 World Cup. He last played an ODI in March 2025 and a Test in 2023.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHAMMED SHAMI, MOHAMMED SHAMI COMEBACK, LATESTNEWS, SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360