SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.01 AM IST

'ബോംബ് പൊട്ടിയിരുന്നെങ്കിലെന്ന് തമാശ പറഞ്ഞു, തൊട്ടടുത്ത നിമിഷം വെടിയൊച്ച'; ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കുവച്ച് സംഗക്കാര

READ ENGLISH VERSION
kumar-sangakkara

ജാ‌ഫ്‌ന: 2009ൽ ലാഹോറിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചും അത് തന്റെ ജീവിതവീക്ഷണത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും വെളിപ്പെടുത്തി മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര. പാക് ക്രിക്കറ്റ് ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഓർമ്മകളാണ് താരം പങ്കുവച്ചത്. 2009 മാർച്ച് 3ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് പോവുകയായിരുന്ന ലങ്കൻ ടീമിന്റെ ബസിനുനേരെയാണ് ഭീകരർ വെടിയുതിർത്തത്. ആ സംഭവത്തിന് തൊട്ടുമുൻപുള്ള നിമിഷങ്ങളാണ് സംഗക്കാര ഓർത്തെടുത്തത്.

'ഹോട്ടലിൽ നിന്നും മൂന്നാം ദിവസത്തെ ടെസ്റ്റ് മത്സരത്തിന് സ്റ്റേഡിയത്തിലേക്ക് പോവുകയായിരുന്നു ഞങ്ങൾ. ബസിന്റെ മുൻപിലിരുന്ന ഒരു ഫാസ്റ്റ് ബൗളർ തമാശരൂപേണ പറഞ്ഞു, 'ഈ ഫ്ളാറ്റ് പിച്ചിൽ പന്തെറിഞ്ഞ് എന്റെ നടുവ് ഒടിയും. ഒരു ബോംബ് എങ്ങാനും പൊട്ടിയിരുന്നെങ്കിൽ നമുക്ക് വീട്ടിൽ പോകാമായിരുന്നു'. അയാൾ അത് പറഞ്ഞ് ഒരു മിനിട്ട് തികയുന്നതിന് മുൻപേ ഞങ്ങൾ ആക്രമിക്കപ്പെട്ടു.'- സംഗക്കാരെ പറയുന്നു.

ആക്രമണത്തിൽ സംഗക്കാര, അജന്ത മെൻഡിസ്, തിലൻ സമരവീര തുടങ്ങിയ ആറോളം താരങ്ങൾക്ക് പരിക്കേറ്റിരുന്നു. എട്ടുപേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ അവശേഷിപ്പായി തന്റെ ശരീരത്തിൽ ഇന്നും ആ ചില്ലു കഷ്ണങ്ങൾ ഉണ്ടെന്ന് സംഗക്കാര വെളിപ്പെടുത്തി.


ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ആ ഭീകരാക്രമണം താരത്തിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് ശേഷം കൊളംബോയിലൂടെ വാഹനമോടിച്ചു പോകു‌മ്പോൾ ഒരു സൈനികനുമായി നടത്തിയ സംഭാഷണം സംഗക്കാര ഇന്നും ഓർത്തെടുത്തു. ലാഹോറിലെ ആക്രമണത്തെക്കുറിച്ച് ആ സൈനികൻ ഉത്കണ്ഠപ്പെട്ടപ്പോൾ, 'നിങ്ങൾ ഇത് എന്നും നേരിടുന്നതല്ലേ' എന്ന് സംഗക്കാര തിരിച്ച് ചോദിച്ചു. ഞങ്ങൾ ഇതിനായി മരിക്കാൻ തയ്യാറായി വന്നവരാണ്' എന്നായിരുന്നു ആ സൈനികന്റെ മറുപടി.


'ഞങ്ങൾ രണ്ട് മിനിട്ട് മാത്രം നീണ്ടുനിന്ന ഒരു ആക്രമണം നേരിട്ടു, അത് വലിയ വാർത്തയായി. എന്നാൽ 26 വർഷമായി എന്റെ രാജ്യം ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്രിക്കറ്റ് കളിച്ച് വലിയ പ്രതിഫലം വാങ്ങുന്ന ഞങ്ങളെ ലോകം ഹീറോകളായി കാണുന്നു. എന്നാൽ യഥാർത്ഥ പോരാളികൾ മറ്റുള്ളവരാണ്'.- സംഗക്കാര കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KUMAR SANGAKARA, SRILANKA, TERRORIST ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360