
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ട്വന്റി 20 നായക സ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവ് പുറത്തേക്ക്. ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയെന്നാണ് വിവരം. മോശം ബാറ്റിംഗ് ഫോമിലുള്ള സൂര്യക്ക് ടീമിലെ സ്ഥാനവും നഷ്ടപ്പെടുമെന്നാണ് സൂചന. മുംബയില്‍ നിന്ന് തന്നെയുള്ള ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ പുതിയ നായകനാകാനാണ് സാദ്ധ്യത. ഐപിഎല്ലില്‍ നായകമികവ് തെളിയിച്ച താരമാണ് ശ്രേയസ് അയ്യര്‍.
ശ്രേയസിന് പുറമേ മലയാളി താരവും ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായ സഞ്ജു വി സാംസണ്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, യുവതാരം തിലക് വര്‍മ്മ എന്നിവരേയും നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സൂര്യയുടെ കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024ല്‍ ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശര്‍മ്മ വിരമിച്ചതോടെയാണ് സൂര്യ ഇന്ത്യയുടെ നായകനായത്.
സൂര്യയുടെ കീഴില്‍ ഒരു ട്വന്റി 20 പരമ്പരയില്‍ പോലും തോറ്റിട്ടില്ല എന്ന റെക്കോഡ് ഇന്ത്യക്ക് സ്വന്തമാണ്. താരത്തിന്റെ കീഴിലാണ് ഈ വര്‍ഷം ആദ്യം ഇന്ത്യ നാട്ടില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായതും കിരീടം നിലനിര്‍ത്തിയതും. എന്നാല്‍ പ്രായം 36ലേക്ക് അടുക്കുന്ന സൂര്യക്ക് പകരം അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ നായകന് കീഴില്‍ ഇന്ത്യ കളിക്കട്ടേയെന്നാണ് ബിസിസിഐയുടെ നിലപാട്. നായകനായി തിളങ്ങുമ്പോഴും ബാറ്റിംഗില്‍ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണ് സൂര്യ. ഇതാണ് ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഐപിഎല്ലിലും താരം തിളങ്ങിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |