SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.30 AM IST

ബൂം ബൂം... സഞ്ജു: പുതു ചരിത്രം ,​ ഇന്ത്യ തുടർച്ചയായി ട്വന്റി- 20 ലോകകപ്പ് ജേതാവ്

cricket

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കണ്ട സ്വപ്നം സഞ്ജുവും കൂട്ടരും നൂറുമേനി സഫലമാക്കി. സഞ്ജു സാംസൺ വിളക്കിയ ലോകകപ്പിന് ഇന്ത്യയുടെ അഭിമാനമുത്തം. ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കി സൂര്യകുമാർ യാദവും സംഘവും ട്വന്റി- 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ സന്തോഷം കൊണ്ട് നിറയുകയായിരുന്നു സഞ്ജുവിന്റെ സ്വന്തം കേരളം. സഞ്ജുവാണ് മാൻ ഒഫ് ദ ടൂർണമെന്റ്. ജസ്പ്രിത് ബുംറ ഫൈനലിൽ മാൻ ഒഫ് ദ മാച്ച്. ഈ ലോകകപ്പിൽ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയുമായാണ് സഞ്ജു ഇന്നലെ കിരീ‌ടസ്വപ്നം സഫലമാക്കുന്നതിൽ മുന്നണിപ്പോരാളിയായത്.

അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 255/5 എന്ന സ്കോർ ഉയർത്തിയപ്പോൾ മറുപടിക്കിറങ്ങിയ കിവീസ് 19 ഓവറിൽ 159 റൺസിന് ആൾഔട്ടായി. സഞ്ജു സാംസൺ (46 പന്തുകളിൽ അഞ്ചു ഫോറും എട്ടു സിക്സുമടക്കം 89 റൺസ്), അഭിഷേക് ശർമ്മ (21 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സുമടക്കം 52 റൺസ്), ഇഷാൻ കിഷൻ (25 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 54 റൺസ്) എന്നിവർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. നാലുവിക്കറ്റുമായി ബുംറയും മൂന്ന് വിക്കറ്റുമായി അക്ഷർ പട്ടേലും ബൗളിംഗിൽ മിന്നി.

 അടിച്ചുകയറി നമ്മുടെ 'ചേട്ടൻ"

ഈ ലോകകപ്പിന്റെ തുടക്കത്തിൽ പ്ളേയിംഗ് ഇലവനിൽ പോലും ഇടമില്ലാതിരുന്ന സഞ്ജു സാംസൺ ഒടുവിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ തുടർച്ചയായി നിരാശപ്പെടുത്തിയതിനാലാണ് സഞ്ജുവിന് ലോകകപ്പിന്റെ ആദ്യഘട്ടത്തിൽ പ്ളേയിംഗ് ഇലവന് പുറത്തിരിക്കേണ്ടിവന്നത്. അഭിഷേകിന് അസുഖമായപ്പോൾ നമീബിയയ്ക്കെതിരെ ഇറങ്ങി എട്ടുപന്തിൽ 22 റൺസും സിംബാബ്‌വേയ്ക്കെതിരെ 15 പന്തുകളിൽ 24 റൺസും നേടിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിപ്പിച്ചില്ല. റിങ്കുസിംഗിന്റെ പിതാവിന്റെ മരണം വീണ്ടും പ്ളേയിംഗ് ഇലവനിലേക്ക് എത്തിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തുകളിൽ 97 റൺസ് നേടി മാച്ച് വിന്നറായതോടെ തലവര മാറി. പിന്നീട് സെമിയിലും ഫൈനലിലും മിന്നുന്ന അർദ്ധസെഞ്ച്വറികൾ. ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ച്വറികളടക്കം 321 റൺസ് നേടി റൺവേട്ടയിൽ രണ്ടാംസ്ഥാനത്ത്. സെമി കഴിഞ്ഞപ്പോൾ തന്നെ പ്ളേയർ ഒഫ് ദ ടൂർണമെന്റിന് പരിഗണിക്കുന്ന കളിക്കാരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനായി. കഴിഞ്ഞ ലോകകപ്പിൽ ഒരു കളിപോലും കളിക്കാൻ കഴിയാതെ ബെഞ്ചിലിരുന്ന സഞ്ജുവിന്റെ മധുരപ്രതികാരമായി ഈ ലോകകപ്പ്.

3

ഇത് മൂന്നാം തവണയാണ് ഇന്ത്യ ട്വന്റി- 20 ലോകകപ്പ് ജേതാക്കളാകുന്നത്. 2007ൽ ധോണിയുടെ നേതൃത്വത്തിലും 2024ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലും ഇപ്പോഴിതാ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലും

1

ട്വന്റി- 20 ലോകകപ്പിൽ ഇന്ത്യ ന്യൂസിലാൻഡിനെതിരെ നേടുന്ന ആദ്യവിജയം.

 ലോകകപ്പിലെ പ്രകടനം

Vs നമീബിയ

8 പന്തുകളിൽ 22 റൺസ്

Vs സിംബാബ്‌വേ

15 പന്തുകളിൽ 24 റൺസ്

Vs വെസ്റ്റ് ഇൻഡീസ്

50 പന്തുകളിൽ 97 റൺസ്

Vs ഇംഗ്ളണ്ട്

42പന്തുകളിൽ 89 റൺസ്

Vs ന്യൂസിലാൻഡ്

46 പന്തുകളിൽ 89 റൺസ്

കപ്പെടുത്ത വഴി

1. സഞ്ജുവും അഭിഷേകും ചേർന്ന് ഓപ്പണിംഗിൽ കൂട്ടിച്ചേർത്ത 98 റൺസ്

2. അഭിഷേക് പുറത്തായശേഷം ഇഷാനെക്കൂട്ടി സഞ്ജു പടുത്തുയർത്തിയ 105 റൺസ്

3. സഞ്ജുവും ഇഷാനും സൂര്യയും അടുത്തടുത്ത പന്തുകളിൽ പുറത്തായെങ്കിലും ശിവം ദുബെ ഉറച്ചുനിന്ന് പൊരുതി 255ലെത്തിച്ചു

4. വലിയ സ്കോർ ഉണ്ടായിരുന്നിട്ടും സെമിയിൽ ഇംഗ്ളണ്ട് പൊരുതി കൂടെയെത്തിയത് നൽകിയ അനുഭവപാഠത്തിലൂടെ ബൗളിംഗിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു

 അഭിനന്ദിച്ച് മോദിയും പിണറായിയും

ട്വന്റി- 20 ലോകകപ്പ് സ്വന്തമാക്കിയ ടീം ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു. വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ അഭിമാനവും സന്തോഷവും കൊണ്ട് നിറച്ചുവെന്ന് മോദി എക്സിൽ കുറിച്ചു. പ്രതിഭയും കഠിനാദ്ധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു സാംസൺ ലോകത്തിന് കാണിച്ചുതന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360