SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.33 AM IST

ഇക്കുറി ലക്നൗവിന്റെ ലക്ക് തെളിയുമോ ?

lsg

ആദ്യ രണ്ട് സീസണുകളിൽ പ്ളേഓഫ് വരെയെത്തി പ്രതീക്ഷ ജനിപ്പിച്ച ലക്നൗ സൂപ്പർ ജയന്റ്സിന് ഈ സീസണിലെങ്കിലും കിരീടം ചൂടാൻ ഭാഗ്യമുണ്ടാകുമോ എന്ന ചോദ്യവുമായാണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ സീസണുകളിൽ ക്യാപ്ടനായിരുന്ന കെ.എൽ രാഹുലുമായി പരസ്യമായി ഉടക്കിയ ടീം ഉടമ സഞ്ജീവ് ഗോയങ്ക കഴിഞ്ഞ സീസണിൽ 27 കോടി മുടക്കി റിഷഭ് പന്തിനെ ക്യാപ്ടനായി കൊണ്ടുവന്നിട്ടും വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല.ബാറ്ററായും ക്യാപ്ടനായും റിഷഭ് നിരാശപ്പെടുത്തിയപ്പോൾ 14ൽ ആറ് മത്സരങ്ങൾ മാത്രം ജയിക്കാനായ ലക്നൗ പോയിന്റ് പട്ടികയിൽ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. 2024 സീസണിലും ഏഴാം സ്ഥാനത്തായിരുന്നു.

പെരുമയുള്ള താരങ്ങൾ

ട്വന്റി-20 ഫോർമാറ്റിലെ മികച്ച താരങ്ങൾ തന്നെയാണ് ലക്നൗ ടീമിലുള്ളത്. റിഷഭ് പന്തിനെക്കൂടാതെ വിൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ,ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ എയ്ഡൻ മാർക്രം, ഓസീസ് ക്യാപ്ടൻ മിച്ചൽ മാർഷ്, മാത്യു ബ്രീസ്കെ,ആയുഷ് ബദോനി തുടങ്ങിയ താരങ്ങളെ ലക്നൗ ഈ സീസണിലും നിലനിറുത്തിയിട്ടുണ്ട്. മാർഷും പുരാനും മാർക്രമും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.

ഈ സീസണിൽ ടീമിലെത്തിയ മുഹമ്മദ് ഷമി, വാനിന്ദു ഹസരംഗ,അൻറിച്ച് നോർക്യേ എന്നിവർ ഐ.പി.എല്ലിൽ ഏറെപരിചയസമ്പരാണ്. പരിക്കുമൂലം 2024 സീസണിൽ നിന്ന് പൂർണമായും വിട്ടുനിന്ന ഷമി കഴിഞ്ഞ സീസണിൽ സൺ റൈസേഴ്സ് ഹൈദരാബാദിലൂടെ തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്താനായില്ല. 2023 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ കഴിയാത്ത ഷമിക്ക് ഈ ഐ.പി.എൽ നിർണായകമാണ്. രഞ്ജിയിലും സെയ്ദ് മുഷ്താഖ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഷമിയെ സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. വിദേശ താരങ്ങളായ ഹസരംഗയേയും നോർക്യേയേയും പിച്ചിന്റെ സ്വാഭാവം പരിഗണിച്ച് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്താനാണ് സാദ്ധ്യത.

പണിയാകുന്ന പരിക്ക്

പേസർമാരുടെ പരിക്കാണ് ലക്നൗവിന് പ്രശ്നം. നടുവിനേറ്റ പരിക്കുമൂലം ഇന്ത്യൻ അതിവേഗ പേസർ മയാങ്ക് യാദവിന് കഴിഞ്ഞ സീസണിൽ രണ്ടുമത്സരങ്ങൾ മാത്രം കളിക്കാനായ മയാങ്കിനെ ഈ സീസണിലും ടീമിൽ നിലനിറുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ല എന്നാണ് സൂചന. മൊഹ്‌സിൻ ഖാന് കഴിഞ്ഞ സീസണിൽ ഒറ്റമത്സരം പോലും കളിക്കാനായിരുന്നില്ല. ആവേഷ് ഖാന് ഒരു മത്സരത്തിലേ കളിക്കാനായിരുന്നുള്ളൂ.

സച്ചിൻ ടെൻഡുർക്കറുടെ മകൻ അർജുൻ ഈ സീസണിൽ ലക്നൗവിൽ എത്തിയിട്ടുണ്ട്. പ്ളേയിംഗ് ഇലവനിൽ അർജുനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ നോട്ട്ബുക്കിലെഴുതി വിക്കറ്റ് ആഘോഷിച്ച സ്പിന്നർ ദിഗ്‌വേഷ് രതി ഇക്കുറിയും ലക്നൗവിന്റെ നീലക്കുപ്പായത്തിലുണ്ട്.

സ്ക്വാഡ്

റിഷഭ് പന്ത് (ക്യാപ്‌ൻ),അബ്ദുൽ സമദ്,അക്ഷത് രഘുവംശി,ആയുഷ് ബദോനി, മാത്യു ബ്രീസ്കെ,മുകുൾ ചൗധരി, ഹിമ്മത് സിംഗ്,ജോഷ് ഇൻഗിലിസ്,എയ്ഡൻ മാർക്രം,നിക്കോളാസ് പുരാൻ, വാനിന്ദു ഹസരംഗ,അർഷിൻ കുൽക്കർണി,മിച്ചൽ മാർഷ്,ഷഹബാസ് അഹമ്മദ്,ആകാശ് സിംഗ്, ആവേഷ് ഖാൻ,മൊഹ്സിൻ ഖാൻ,മൊഹമ്മദ് ഷമി,അർൻറിച്ച് നോർക്യേ,പ്രിൻസ് യാദവ്,ദിവഗ്വേഷ് രതി,എം.സിദ്ധാർത്ഥ്,അർജുൻ ‌ ടെൻഡുൽക്കർ,നമൻ തിവാരി ,മയാങ്ക് യാദവ്.

പരിശീലക സംഘം

ഹെഡ് കോച്ച് : ജസ്റ്റിൻ ലാംഗർ

ഡയറക്ടർ ഒഫ് ക്രിക്കറ്റ് : ടോം മൂഡി

സ്ട്രാറ്റജിക് അഡ്വൈസർ : കേൻ വില്യംസൺ

സഹ പരിശീലകൻ : ലാൻസ് ക്ളൂസ്നർ

ബാറ്റിംഗ് കോച്ച് : മാത്യു മോട്ട്

സ്പിൻ ബൗളിംഗ് കോച്ച് : കാൾ ക്രോ

ഫാസ്റ്റ് ബൗളിംഗ് കോച്ച് : ഭരത് അരുൺ

ഫീൽഡിംഗ് കോച്ച് : അഭയ് ശർമ്മ

ആദ്യ മത്സരം : ഏപ്രിൽ 1

Vs ഡൽഹി ക്യാപ്പിറ്റൽസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, LSG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360