SignIn
Kerala Kaumudi Online
Tuesday, 04 August 2026 11.11 PM IST

മൂന്നോവറിൽ സെഞ്ച്വറി നേടിയ താരത്തിന്റെ മുന്നിൽ അഭിഷേകും വൈഭവും ഒന്നുമല്ല,​ വീണ്ടും ചർച്ചയായി റെക്കോർഡ്

vaibhav-abhishek-bradman
വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഡോണൾഡ് ബ്രാഡ്‌മാൻ

സിഡ്‌നി: ഫോർമാറ്റുകൾ ഏതായാലും റണ്ണൊഴുക്കിലൂടെയുള്ള കൂറ്റൻ സ്‌കോറുകളാണ് ആധുനിക ക്രിക്കറ്റിലെ പ്രധാന ആകർഷണം. വേഗത്തിൽ റൺസ് അടിക്കുന്നവരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളാണ് അഭിഷേക് ശർമ, ഇഷാൻ കിഷൻ, ട്രാവിസ് ഹെഡ് തുടങ്ങിയവർ. ഇർക്കൊപ്പം ഏറ്റവും ഒടുവിൽ പട്ടികയിൽ ഇടം നേടിയ താരമാണ് വൈഭവ് സൂര്യവംശിയും. ആദ്യ പന്ത് മുതൽ ബൗളർമാരെ കടന്നാക്രമിച്ചുകൊണ്ടാണ് താരം ശ്രദ്ധ നേടിയത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 35 പന്തിൽ സെഞ്ച്വറി തികച്ചതോടെയാണ് 15കാരനായ വൈഭവ് ചരിത്രത്തിൽ ഇടംപിടിച്ചത്.

എന്നാൽ, ഇത്തരത്തിലുള്ള ആക്രമണോത്സുക ബാറ്റിംഗ് ശൈലി ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ, ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഡോൺ ബ്രാഡ്‌മാന്റെ പേരിലാണ് ഇന്നും ഏറ്റവും അവിശ്വസനീയമായ റെക്കോർഡുകളുള്ളത്.

1931 നവംബർ 2ന് ബ്ലാക്ക്ഹീത്തിന് വേണ്ടി ലിത്‌ഗോയ്‌ക്കെതിരെ കളിച്ച ആഭ്യന്തര മത്സരത്തിലാണ് ഈ ചരിത്രനേട്ടം ആദ്യമായി പിറന്നത്. അന്നത്തെ മത്സരത്തിൽ മൊത്തം 256 റൺസ് അടിച്ചുകൂട്ടിയെങ്കിലും, വെറും മൂന്ന് ഓവറുകൾ കൊണ്ട് താരം സെഞ്ച്വറിയിലെത്തിയതാണ് അന്നത്തെ ഏറ്റവും വലിയ ഹൈലൈറ്റ്.

ആ കാലഘട്ടത്തിൽ ഒരു ഓവറിൽ ആറു പന്തുകൾക്ക് പകരം എട്ട് പന്തുകളാണ് ഉണ്ടായിരുന്നത്. 22 പന്തുകൾ നേരിട്ടാണ് ബ്രാഡ്മാൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. ആദ്യ ഓവറിൽ 33 റൺസും, രണ്ടാമത്തെ ഓവറിൽ 40 റൺസും, മൂന്നാമത്തെ ഓവറിൽ 27 റൺസുമാണ് താരം അടിച്ചുകൂട്ടിയത്. 14 സിക്സറുകളും 29 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

തന്റെ കരിയറിലെ ഏറ്റവും അവിശ്വസനീയമായ ഇന്നിംഗ്സിനെക്കുറിച്ച് വർഷങ്ങൾക്ക് ശേഷം ബ്രാഡ്മാൻ പറഞ്ഞത് ഇങ്ങനെയാണ്: 'അതൊന്നും പ്ലാൻ ചെയ്തതല്ല. യാദൃശ്ചികമായി സംഭവിച്ചതാണ്. ഇതിന്റെ ഫലം കണ്ട് എന്നെക്കാളധികം മറ്റാരും അത്ഭുതപ്പെട്ടിട്ടുണ്ടാകില്ല. ആ മൂന്ന് ഓവറുകളിൽ ഒപ്പമുണ്ടായിരുന്ന വെൻഡൽ ബിൽ വെർ രണ്ട് സിംഗിളുകൾ മാത്രമാണ് എടുത്തതെങ്കിലും, പിന്നീടയാൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി.' ബ്രാഡ്‌മാൻ പറഞ്ഞു. ക്രിക്കറ്റിൽ ആക്രമണോത്സുകമായ ബാറ്റിംഗിന്റെ വേരുകൾ എത്രത്തോളം അവിസ്‌മരണീയമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ബ്രാഡ്‌മാന്റെ ചരിത്ര നേട്ടം.

English Summary

Fast-paced, high-scoring batting has become the standard in modern cricket, with young players like Abhishek Sharma, Ishan Kishan, Travis Head, and 15-year-old IPL star Vaibhav Sooryavanshi (who scored a 35-ball century for Rajasthan Royals) leading the charge.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, VAIBHAV SURYAVANSHI, ABHISHEK SHARMA, BRADMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360