
സാന്റിയാഗോ : ലോകകപ്പിൽ അതിഗംഭീര പ്രകടനം കാഴ്ചവച്ച കേപ്പ് വെർദേ ടീമിന്റെ ഗോൾ കീപ്പർ വൊസീഞ്ഞ ഇനി ചിലിയിലെ ഒന്നാം നമ്പർ ക്ളബ് കോളോ കോളോയുടെ വലകാക്കും. കഴിഞ്ഞമാസം 24ന് ക്ളബുമായി കരാർ ഒപ്പിട്ടിരുന്ന വൊസീഞ്ഞ ഇന്നലെയാണ് ചിലിയിലെത്തിയത്. പലകാരണങ്ങളാൽ മൂന്നു തവണ താരത്തിന്റെ വരവ് മാറ്റിവച്ചിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെ താരം സാന്റിയാഗോയിൽ വിമാനമിറങ്ങിയപ്പോൾ ആയിരക്കണക്കിന് ആരാധകരാണ് കൊട്ടും പാട്ടും ആരവവുമായി സ്വീകരിക്കാനെത്തിയത്.
ലോകകപ്പിൽ കേപ്പ് വെർദേയുടെ ആദ്യ മത്സരത്തിൽ സ്പെയ്നിനെ ഗോൾ രഹിത സമനിലയിൽ തളച്ചപ്പോഴാണ് വൊസീഞ്ഞ ലോകത്തിന് മുന്നിൽ സൂപ്പർ ഹീറോയായി മാറിയത്. ലോകകപ്പ് അരങ്ങേറ്റത്തിനെത്തിയ കേപ്പ് വെർദേ രണ്ടാം റൗണ്ടിൽ അർജന്റീനയോട് അധികസമയം വരെ പൊരുതിയാണ് തോറ്റത്. ലോകകപ്പ് ഫൈനലിൽ കളിച്ച രണ്ട് ടീമുകളെയും ശരിക്കും വിറപ്പിച്ച ഏക ടീമാണ് കേപ്പ് വെർദേ. അതിന് കാരണമായത് ഗോൾവല കാത്ത വൊസീഞ്ഞയുടെ മിന്നുന്ന പ്രകടനമാണ്. 40കാരനായ വൊസീഞ്ഞ പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ളബ് ഷാവേസിൽ നിന്നാണ് കോളോ കോളോയിലേക്ക് എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |