
ലോകകപ്പിൽ തുടർച്ചയായ ഏഴാം മത്സരത്തിലും ഗോളടിച്ച് ലയണൽ മെസി
അവസാന ഗ്രൂപ്പ് മത്സരത്തിൽ ജോർദാനെ 3-1ന് തോൽപ്പിച്ച് അർജന്റീന
ഡാലസ് : പകരക്കാരനായിറങ്ങിയാലും താൻ ഇതിഹാസംതന്നെയെന്ന് തെളിയിച്ച് ലയണൽ മെസി. ഇന്നലെ ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തിൽ 60-ാം മിനിട്ടിൽ കളത്തിലിറങ്ങിയ മെസി 80-ാം മിനിട്ടിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ ജോർദാന്റെ വലകുലുക്കിയപ്പോൾ പിറന്നത് തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന ചരിത്രം. 2022 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയ്ക്ക് എതിരെ തുടങ്ങിയ ഗോൾ മേധത്തിന്റെ തുടർച്ചയോടെ ഈ ലോകകപ്പിലെ തന്റെ ഗോളുകളുടെ എണ്ണം ആറായും ലോകകപ്പുകളിലെ ആകെഗോളെണ്ണം19ആയും മെസി ഉയർത്തി.
നോക്കൗട്ടക റൗണ്ടിലേക്ക് പരിക്കുകളേൽക്കാതെ മെസിയെ കാത്തുവയ്ക്കാൻ ഫസ്റ്റ് ഇലവനിൽ വിശ്രമമനുവദിച്ച അർജന്റീന കോച്ച് സ്കലോണിയെ സന്തോഷിപ്പിച്ചത് 19-ാം മിനിട്ടിലെ ജിയോവന്നി ലോ സെൽസോയുടെയും 31-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസിന്റേയും ഗോളുകളാണ്. പെനാൽറ്റിയിൽ നിന്നായിരുന്നു ലൗതാരോയുടെ ഗോൾ. 55-ാം മിനിട്ടിൽ മൂസ അൽതമരിയിലൂടെ ജോർദാൻ ഒരു ഗോൾ തിരിച്ചടിച്ചതിന് പിന്നാലെയാണ് സ്കലോണി മെസിയെ ഇറക്കിയത്.
7
തുടർച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിച്ച ഫ്രഞ്ച് താരം ജസ്റ്റ് ഫോണ്ടെയ്ന്റേയും ബ്രസീലിയൻ താരം ജഴ്സീഞ്ഞയുടെയും റെക്കാഡാണ് മെസി ഇന്നലെ മറികടന്നത്.
123
ഗോളുകളാണ് 202 മത്സരങ്ങളിൽ നിന്ന് രാജ്യത്തിനായി ഇതുവരെ മെസി നേടിയത്. ഗോളടിയിൽ ക്രിസ്റ്റ്യാനോ (145) മാത്രമാണ് മെസിക്ക് മുന്നിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |