
ലോസാഞ്ചലസ് : ലോകകപ്പിൽ ഇനി സമനിലകളില്ല. ആരു ജയിക്കും,ആരു തോൽക്കും എന്ന തീർപ്പുവരുന്നതുവരെയുള്ള കളികൾ മാത്രം. 90 മിനിട്ടിനുള്ളിൽ വിജയിയെ കണ്ടെത്താനായില്ലെങ്കിൽ അരമണിക്കൂർ അധികം സമയം. എന്നിട്ടും നെല്ലും പതിരും വേർതിരിയുന്നില്ലെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ട് തന്നെ. അതേ, ലോകകപ്പിൽ 'കളി " തുടങ്ങാൻ പോകുന്നതേയുളളൂ.
കഴിഞ്ഞ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി രണ്ടാം റൗണ്ട് നോക്കൗട്ട് മത്സരക്രമം വന്നത് ടീമുകളുടെ എണ്ണം 48 ആയി വർദ്ധിപ്പിച്ചതിനാലാണ്. 32 പേർ എട്ടുഗ്രൂപ്പുകളായി മത്സരിച്ചിരുന്ന സ്ഥാനത്ത് 12 ഗ്രൂപ്പുകളായാണ് പ്രാഥമിക റൗണ്ട് റൗണ്ട് നടന്നത്. ഇതിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിൽ നിന്നുമായി മികച്ച എട്ട് മൂന്നാം സ്ഥാനക്കാരുമാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 16 രണ്ടാം റൗണ്ട് മത്സരങ്ങളിൽ നിന്ന് 16 ടീമുകൾ പ്രീക്വാർട്ടറിലെത്തും. അവിടെ നിന്ന് എട്ടുപേർ ക്വാർട്ടറിൽ. നാലുപേർ സെമിയിൽ. രണ്ടുപേർ ഫൈനലിൽ. അഞ്ച് നോക്കൗട്ട് മത്സരങ്ങൾ തുടർച്ചയായി ജയിക്കുന്ന ടീമിനേ കപ്പുയർത്താനാകൂവെന്ന് സാരം.
ഇന്നലെ ദക്ഷിണാഫ്രിക്കയും കാനഡയും തമ്മിലുള്ള മത്സരത്തോടെയാണ് രണ്ടാം റൗണ്ടിന് തുടക്കമായത്. വമ്പൻ ടീമുകളുടെ കൊമ്പുകോർക്കലിന് രണ്ടാം റൗണ്ട്തന്നെ വേദിയാകുന്നുണ്ട്. അതുകൊണ്ടുതന്നെ സെമിയും ഫൈനലുമൊക്കെയായാകുമ്പോൾ ആരൊക്കെ ബാക്കിയുണ്ടാകുമെന്ന് കണ്ടറിയണം.
ഇന്ന് രണ്ടാം റൗണ്ടിൽ ബ്രസീലും ജപ്പാനും തമ്മിലുള്ള പോരാട്ടമാണ്. സി ഗ്രൂപ്പിൽ ഒന്നാമന്മാരായാണ് ബ്രസീൽ എത്തുന്നത്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് 1-1ന് സമനിലയിൽ പിരിഞ്ഞ ബ്രസീൽ തുടർന്ന് ഹെയ്തിയേയും സ്കോട്ട്‌ലാൻഡിനെയും 3-0ത്തിന് തോൽപ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. മൂന്നുമത്സരങ്ങളിലും സ്കോർ ചെയ്ത വിനീഷ്യസ് ജൂനിയറിന്റേയും മികച്ച ഫോമിലുള്ള മാത്യൂസ് കുഞ്ഞയുടേയും രിക്കുമാറിയെത്തിയ നെയ്മറിന്റേയും ചിറകിലേറിയാണ് ബ്രസീൽ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഹോളണ്ടിനോടും മൂന്നാം മത്സരത്തിൽ സ്വീഡനോടും സമനിലയിൽ പിരിഞ്ഞ ജപ്പാൻ രണ്ടാം മത്സരത്തിൽ ടുണീഷ്യയ്ക്ക് എതിരെ നേടിയ നാലുഗോൾ വിജയത്തിന്റെ ബലത്തിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്റെ വരവ്.
ബ്രസീൽ - ജപ്പാൻ മത്സരത്തിന് പിന്നാലെ ജർമ്മനിയും പരാഗ്വേയും തമ്മിലുള്ള പോരാട്ടം നടക്കും. അവസാന മത്സരത്തിൽ ഇക്വഡോറിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും എഫ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജർമ്മനി നോക്കൗട്ടിലെത്തിയത്. കുറോസോയേയും ഐവറികോസ്റ്റിനെയുമാണ് ജർമ്മനി തോൽപ്പിച്ചത്. ഡി ഗ്രൂപ്പിൽ അമേരിക്കയോട് തോൽക്കുകയും തുർക്കിയെ തോൽപ്പിക്കുകയും ഓസ്ട്രേലിയയോട് സമനിലയിൽ പിരിയുകയും ചെയ്ത പരാഗ്വേ മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളായാണ് നോക്കൗട്ടിലെത്തിയത്.
ഇനിയുള്ള ദിവസങ്ങളിൽ നടക്കുന്ന രണ്ട് മത്സരങ്ങളിൽ മൊറോക്കോ ഹോളണ്ടിനെയും ഐവറി കോസ്റ്റ് നോർവേയേയും നേരിടും. ഫ്രാൻസിന് എതിരാളികളാവുന്നത് സ്വീഡനാണ്. മെക്സിക്കോയ്ക്ക് ഇക്വഡോറും ഇംഗ്ളണ്ടിന് കോംഗോയും എതിരാളികളാകും. ബെൽജിയത്തിന് മുന്നിലെത്തുന്നത് ആഫ്രിക്കൻ കരുത്തരായ സെനഗലാണ്. സ്പെയ്ൻ ഓസ്ട്രിയയെ നേരിടുമ്പോൾ അമേരിക്ക ബോസ്നിയയെ എതിരിടും. ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിന് ശക്തരായ ക്രൊയേഷ്യയുമായുള്ള മുഖാമുഖമാണെങ്കിൽ മെസിയുടെ അർജന്റീനയ്ക്ക് താരതമ്യേന എളുപ്പമാണ് കാര്യങ്ങൾ. അരങ്ങേറ്റക്കാരായ കേപ് വെർദേയാണ് രണ്ടാ റൗണ്ടിലെ എതിരാളികൾ. സ്വീഡനും അൾജീരിയയും തമ്മിലും ഓസ്ട്രേലിയയും ഈജിപ്തും തമ്മിലും കൊളംബിയയും ഘാനയും തമ്മിലുമാണ് മറ്റ് രണ്ടാംറൗണ്ട് മത്സരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |