
ലോസാഞ്ചലസ്: അവസാന പതിനാറിലേക്ക് കാനഡയുടെ കന്നിക്കാൽവയ്പ്പോടെ ഫിഫ ലോകകപ്പ് 23-ാം പതിപ്പിന്റെ നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമായി. റൗണ്ട് ഓഫ് 32ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്‌ത്തിയാണ് കാനഡ ലോകകപ്പിലെ അവരുടെ കന്നി നോക്കൗട്ട് ജയം സ്വന്തമാക്കിയത്. കാനഡയുടെ തുടരെയുള്ള ആക്രമണങ്ങൾക്ക ് മുന്നിൽ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവിൻ വില്യംസും എംബോക്സിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും തടയമായതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയേക്കുമെന്ന് തോന്നിച്ചു. എന്നാൽ ലോംഗ് വിസിലിനെ തൊട്ടുമുൻപ് ഇഞ്ചുറി ടൈമിൽ (90+2) ക്യാപ്ടൻ സ്റ്റീഫൻ യുസ്താക്കിയോ കാനഡയ്ക്ക് ചരിത്ര ജയം സമ്മാനിച്ച ഗോൾ നേടുകയായിരുന്നു.
ഗോൾ
90+2- യുസ്താക്കിയോയുടെ ചരിത്ര ഗോൾ പിറക്കുന്നു. വലതുവിംഗിൽ നിന്ന് ജേക്കബ് ഷാഫെൽ ബർഗിന്റെ ക്രോസ് ദക്ഷിണാഫ്രിക്കൻ ബോക്സിലേക്ക് . ദക്ഷിണാഫ്രിക്കൻ പ്രതിരോധതാരം ഓൺകോൺ ഹെഡ് ചെയ്തകറ്റിയ പന്ത് നേരേ ചെന്നത് ബോക്സിന് തൊട്ടുവെളിയിലുണ്ടായിരുന്ന യുസ്താക്കിയോ യുടെ അടുത്തേക്ക്. നെഞ്ച് കൊണ്ട് പന്ത് സ്വീകരിച്ച് യുസ്താക്കിയോ തൊടുത്ത വലങ്കാലൻ വോളി ബോക്സിന്റെ വലത്തേ മൂലയിലേക്ക് തുളച്ചുകയറി.
1- ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കാനഡയുടെ ആദ്യ ജയമാണിത്.
കാനഡയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയ ആദ്യ മത്സരമായിരുന്നു ഇത്.
ഇരുടീമിന്റെയും ആദ്യ ലോകകപ്പ് നോക്കൗട്ട് മത്സരവുമായിരുന്നു.
നെതർലാൻഡ്‌സ് -മൊറോക്കോ മത്സരത്തിലെ വിജയികളായിരിക്കും പ്രീക്വാർട്ടറിൽ കാനഡയുടെ എതിരാളികൾ.
74- ലോകകപ്പ് നോക്കൗട്ടിലേക്ക് ടീമിനെ എത്തിച്ച ഏറ്റവും പ്രായമേറിയ കോച്ചായി ദക്ഷിണാഫ്രിക്കയുടെ ഹ്യൂഗോ ബ്രൂസ്.
ഈയൊരു വിജയത്തിനായി ഞങ്ങൾ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കാനഡയിലെ മുഴുവൻ ജനങ്ങൾക്കുമായി ഈ വിജയം സമ്മാനിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതൊരു മികച്ച ഗോളായിരുന്നു, പക്ഷേ ഞാൻ പന്ത് ഷൂട്ട് ചെയ്ത നിമിഷം കാനഡയിലെ ഓരോരുത്തരും എന്നോടൊപ്പം ഷൂട്ട് ചെയ്യുന്നതായാണ് എനിക്ക് തോന്നിയത്.
യുസ്താക്കിയോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |