SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.38 AM IST

വല്ലാത്തൊരു പാര ഗ്വേ

parague

ലോകകപ്പിൽ ജർമ്മനി ഷൂട്ടൗട്ടിൽ തോൽക്കുന്നത് ആദ്യം

ബോസ്റ്റൺ : ഇതുവരെ ചതിക്കാത്ത പെനാൽറ്റി ഷൂട്ടൗട്ടും ജർമ്മനിയെ കൈവിട്ടു. യുവത്വം വിടാത്ത കോച്ചിനെയും പ്രായം കടന്ന ഗോളിയേയും കൂട്ടി ലോകകപ്പിനെത്തിയ ജർമ്മൻ നിരയ്ക്ക് നോക്കൗട്ടിലെ ആദ്യ മത്സരത്തിൽതന്നെ കൈപൊള്ളി. പ്രീക്വാർട്ടർ പോലും കടക്കാതെയാണ് നാലുതവണ കപ്പുയർത്തിയവർ ഇത്തവണ മടങ്ങുന്നത്. അതും ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത ഒരു നാണക്കേടുമായി. പെനാൽറ്റിഷൂട്ടൗട്ടിൽ തോറ്റ് ആദ്യമായാണ് ജർമ്മനി ലോകകപ്പിൽനിന്ന് പുറത്താകുന്നത്.

ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തിൽ ഇക്വഡോറിനോട് തോറ്റപ്പോൾ തന്നെ ജർമ്മൻ ആരാധകർ ആശങ്കയിലായിരുന്നു. അതിന്റെ തുടർച്ചയെന്നോണം 42-ാം മിനിട്ടിൽ ജൂലിയോ എൻസിസോയുടെ ഗോളിലൂടെ പരാഗ്വേ മുന്നിലെത്തുന്നു. ബോക്സിന് മുന്നിൽ നിന്ന് എൻസിസോ പന്ത് തലകൊണ്ട് കുത്തിവലയ്ക്കകത്തേക്കിട്ടപ്പോൾ ജർമ്മനിയുടെ വെറ്ററൻ ഗോളി മാനുവൽ ന്യൂയർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ ജർമ്മനി രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചിച്ചിറങ്ങിയപ്പോൾ 54-ാ ംമിനിട്ടിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു ഷോട്ട് പാസ് വലയിലാക്കി കായ് ഹാവർട്സ് കളി സമനിലയിലാക്കി. തുടർന്ന് വിജയഗോൾ നേടാനുള്ള ജർമ്മനിയുടെ പരിശ്രമങ്ങൾക്ക് വിലങ്ങുതടിയായത് പരാഗ്വേ ഗോളി ഒർലാൻഡോ ഗില്ലാണ്. വലയ്ക്കുമുന്നിൽ മഹാമേരുവിനെപ്പോലെ നിന്ന ഗിൽ പലതവണ ജർമ്മൻ ആക്രമണങ്ങളുടെ മുനയൊടിച്ചു. 63-ാം മിനിട്ടിൽ ഉൻദാവിനെ മാറ്റി മുസൈലയെ ഇറക്കി ജർമ്മനി ആക്രമണങ്ങൾക്ക് വീര്യംകൂട്ടി. മുസൈലയും ഹാവെർട്സും കിമ്മിഷുമൊക്കെ പലതവണ പാരഗ്വേ ബോക്സിനുള്ളിലെത്തിയെങ്കിലും ഗില്ലിന് മുന്നിൽ ഉത്തരംമുട്ടി. ഇതോടെ കളി 1-1ന് അധികസമയത്തേക്ക് കടന്നു.

വാറിൽ ഗോൾ

പോയി, വിവാദം

മത്സരത്തിന്റെ 112-ാം മിനിട്ടിൽ ജർമ്മനിയെടുത്ത ഒരു കോർണർ കിക്കിനെത്തുടർന്നുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയിൽ പാരഗ്വേ വലകുലുങ്ങിയപ്പോൾ ജർമ്മൻ ആരവങ്ങളുയർന്നു.എന്നാൽ വാർ പരിശോധിച്ചപ്പോൾ ഗോളാകുന്നതിന് മുമ്പ് പാരഗ്വേ ഗോളിയെ ജർമ്മൻ ഡിഫൻഡർ തള്ളിയിടുന്നത് വ്യക്തമായി. വീണിടത്തുനിന്ന് എഴുന്നേറ്റാണ് ഗിൽ ഗോൾ തടുക്കാൻ ശ്രമിച്ചത്. ഇതോട‌െ റഫറി ഫൗൾ വിളിക്കുകയും ഗോൾ നിഷേധിക്കുകയും ചെയ്തത്.

വാറിന്റെ ഇടപെടലിനെതിരെ മത്സരത്തിന് ശേഷം ജർമ്മൻ മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഇത്തരത്തിലുള്ള ഫൗളുകൾ മുമ്പ് പലമത്സരങ്ങളും കണക്കിലെടുത്തിട്ടില്ലെന്ന കണക്കുകളുമായാണ് ജർമ്മൻ മുൻ താരങ്ങൾ രംഗത്തെത്തിയത്.

തലകുനിച്ച് ന്യൂയറുടെ മടക്കം

2024 യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായപ്പോൾ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചിരുന്ന 41lകാരനായ ഗോളി മാനുവൽ ന്യൂയറെ തിരിച്ചുവിളിച്ചാണ് ഇക്കുറി ജർമ്മൻ കോച്ച് നാഗേൽസ്മാൻ ലോകകപ്പിനെത്തിയത്. പക്ഷേ ഒരിക്കലും ഓർമ്മിക്കാനാഗ്രഹിക്കാത്ത ഒരു ലോകകപ്പായി ന്യൂയർക്ക് ഇത് മാറി. 2014 ലോകകപ്പിൽ ഏറ്റവും മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ളൗ നേടിയ, ടീമിന് ലോകകപ്പ് നേടിക്കൊടുക്കുന്നതിന് മുന്നിൽ നിന്ന ന്യൂയർ തന്റെ അഞ്ചാം ലോകകപ്പിൽ കളിച്ച നാലുമത്സരങ്ങളിലും ഗോൾ വഴങ്ങി. ലോകകപ്പ് ഷൂട്ടൗട്ടിൽ തോൽക്കുന്ന ആദ്യ ജർമ്മൻ ഗോളിയെന്ന നാണക്കേടോടെ തന്റെ വിരമിക്കൽ തീരുമാനത്തിലേക്ക് മടങ്ങുകയാണ് ന്യൂയർ.

പാരഗ്വേയിൽ പൊതുഅവധി

ലോകകപ്പിൽ ജർമ്മനിയെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിലെത്തിയതിന് പിന്നാലെ പാരഗ്വേയിൽ പ്രസിഡന്റ് സാന്റിയാഗോ പെന പൊതുഅവധി പ്രഖ്യാപിച്ചു. നേരത്തേ ഗ്രൂപ്പ് റൗണ്ടിൽ ഇക്വഡോർ ജർമ്മനിയെ തോൽപ്പിച്ചപ്പോൾ അവിടെയും പൊതുഅവധിയായിരുന്നു.

4-1

ലോകകപ്പിൽ നേരിട്ട അഞ്ച് ഷൂട്ടൗട്ടുകളിൽ ജർമ്മനിയുടെ ആദ്യ തോൽവി.

1982ൽ സെമിഫൈനൽ ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ചത് 5-4ന്

1986 ക്വാർട്ടർ ഫൈനലിൽ മെക്സിക്കോയെ തോൽപ്പിച്ചത് 4-1ന്

1990 സെമിഫൈനലിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ചത് 4-3ന്

2006 ക്വാർട്ടർ ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചത് 4-2ന്.

20 വർഷത്തിന് ശേഷമാണ് ജർമ്മനിക്ക് ലോകകപ്പിൽ ഒരു ഷൂട്ടൗട്ട് നേരിടേണ്ടിവന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, PARAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360