
2-0ത്തിന് മുന്നിൽ നിന്ന സെനഗലിനെ എക്സ്ട്രാ ടൈമിലെ പെനാൽറ്റിയിൽ
വീഴ്ത്തി രണ്ടാം റൗണ്ടിൽ ബെൽജിയത്തിന്റെ അവിശ്വസനീയ വിജയം
സിയാറ്റിൽ : 86-ാം മിനിട്ടുവരെ രണ്ടുഗോളുകൾക്ക് പിന്നിൽ നിൽക്കുക. മൂന്നുമിനിട്ടിന്റെ വ്യത്യാസത്തിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച് കളി അധികസമയത്തേക്ക് നീട്ടുക. എക്സ്ട്രാ ടൈം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ ലഭിച്ച പെനാൽറ്റിയിലൂടെ വിജയിക്കുക. ഏതൊരു ഫുട്ബാൾ ആരാധകനേയും അമ്പരപ്പിച്ചുകളയുന്നതായിരുന്നു കഴിഞ്ഞരാത്രി ബെൽജിയവും സെനഗലും തമ്മിൽ നടന്ന ലോകകപ്പ് രണ്ടാം റൗണ്ട് മത്സരം.
ഇംഗ്ളണ്ടിനെതിരെ ആദ്യ ഗോളടിച്ചിട്ടും കോംഗോയ്ക്ക് കീഴടങ്ങേണ്ടിവന്നതിന്റെ സങ്കടം മാറുന്നതിന് മുമ്പാണ് ആഫ്രിക്കൻ ആരാധകർക്ക് തങ്ങളുടെ വൻകരയിൽ നിന്നുള്ള മറ്റൊരു രാജ്യംകൂടി സമാനമായ രീതിയിൽ പുറത്താകുന്ന ഹൃദയഭേദകമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നത്.
സിയാറ്റിലിൽ മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യംകാട്ടിയതും ആക്രമണങ്ങൾ ഒരുക്കിയതും സെനഗലായിരുന്നു. അതുകൊണ്ടാണ് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളടിച്ച് അവർ മുന്നിലെത്തിയത്. സെനഗൽ സ്ട്രൈക്കർ ഇസ്മയില സാറിന്റെ മിന്നുന്ന ഫോമിന് മുന്നിൽ പലപ്പോഴും ബെൽജിയത്തിന് മുട്ടുവിറച്ചിരുന്നു. യൂറോപ്പിലെ ഒന്നാംനിര ഗോളിമാരിൽ ഒരാളായ തിബോ കോർട്വാ കാത്തവലയിലേക്കാണ് രണ്ട് വെടിയുണ്ടകൾ സെനഗൽ പായിച്ചത്. 24-ാം മിനിട്ടിൽ ഒരു റീബൗണ്ടിൽ നിന്ന് ഹബീബ് ദിയാരയും 51-ാം മിനിട്ടിൽ ഇസ്മയില സാറുമാണ് സെനഗലിനായി സ്കോർ ചെയ്തത്. തിരിച്ചടിക്കാനുള്ള ബെൽജിയത്തിന്റെ ശ്രമങ്ങൾ പലപ്പോഴും സെനഗൽ ഗോളി മോറി ഡിയാവിന്റെ മുന്നിൽ നിർവീര്യമാവുകയും ചെയ്തു.
എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാക്കു 86-ാം മിനിട്ടിൽ ആദ്യ തിരിച്ചടി നൽകി. 89-ാം മിനിട്ടിൽ യൂറി ടിയെലിമാൻസ് രണ്ടാം ഗോളും തിരിച്ചടിച്ചതോടെ അത്രനേരംകൊണ്ട് സെനഗൽ കെട്ടിയ കോട്ടകൾ തകർന്നു. അരമണിക്കൂർ അധികസമയത്ത് അവർ പൊരുതിനിൽക്കാൻ ശ്രമിച്ചെങ്കിലും 120+5-ാം മിനിട്ടിലെ പെനാൽറ്റി
വിധി മാറ്റിയെഴുതി.
വിധി മാറ്റിയെഴുതിയ കളിത്തിരിവുകൾ
1-0
24-ാം മിനിട്ട്
അബു ദിയാര
അൽപ്പം മുമ്പ് ഒരു ഷോട്ട് പോസ്റ്റിലിടിപ്പിച്ചുകളഞ്ഞ ഇസ്മയില സാറിന്റെ അടുത്ത ഷോട്ടും പോസ്റ്റിലിടിക്കുന്നു. പക്ഷേ ഇത് റീബൗണ്ട് ചെയ്ത് നേരേയെത്തിയത് അബു ദിയാരയുടെ കാലുകളിൽ. ഒട്ടും സമയം കളയാതെ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ തിബോ കുർട്വോ ഞെട്ടി നിന്നു.
2-0
51-ാം മിനിട്ട്
ഇസ്മയില സാർ
മദ്ധ്യനിരയിൽ നിന്ന് മൂസാ നിയാഖാത്തെ ഉയർത്തിനൽകിയ പന്ത് മുന്നോട്ടോടിക്കയറുന്നതിനിടെ നെഞ്ചുകൊണ്ട് ഏറ്റുവാങ്ങി കാലുകളിലേക്ക് മാറ്റി വെട്ടിത്തിരിഞ്ഞ് വലയിലേക്ക് നിറയൊഴിച്ച ഇസ്മയില സാർ സെനഗലിന്റെ ലീഡുയർത്തി.
2-1
86-ാം മിനിട്ട്
റൊമേലു ലുക്കാക്കു
വലതുവിംഗിലൂടെയുള്ള ഒരു മുന്നേറ്റത്തിനൊടുവിൽ തോമസ് മ്യൂനിയർ നൽകിയ ഒരു പാസ് വലംകാലുകൊണ്ട് വലയിലേക്ക് പൂളിയിട്ട് ലുക്കാക്കു ബെൽജിയത്തിന്റെ തിരിച്ചുവരവിന് ആദ്യ ബെൽ മുഴക്കി.
2-2
89-ാം മിനിട്ട്
യൂറി ടിയെലിമാൻസ്
ബോക്സിനുള്ളിലേക്ക് ഉയർന്നുവന്ന ഒരു ഫ്രീകിക്ക് പിടിക്കാൻ മുന്നോട്ടിറങ്ങിയ സെനഗൽ ഗോളിയുടെ നീക്കം പിഴച്ചപ്പോൾ ടിയെലിമാൻസിന്റെ ഹെഡർ വലയിലേക്ക്. കളി സമനിലയിൽ.
2-3
120+5-ാം മിനിട്ട്
ബോക്സിനുള്ളിലേക്ക് പന്തുമായി വന്ന യൂറി ടിയെലിമാൻസിനെ തടുക്കാനുള്ള കമാറയുടെ ശ്രമം ഫൗളിൽ കലാശിക്കുന്നു. വാർ പരിശോധിച്ച് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ടിയെലിമാൻസ് നിഷ്പ്രയാസം പന്ത് വലയിലാക്കി. ബെൽജിയം പ്രീ ക്വാർട്ടറിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |