SignIn
Kerala Kaumudi Online
Sunday, 16 August 2026 12.52 AM IST

സെഞ്ച്വറിപ്പടിക്കൽ

devduth

ദേവ്ദത്ത് പടിക്കലിന് കന്നി ടെസ്റ്റ് സെഞ്ച്വറി (131 നോട്ടൗട്ട്)

അർദ്ധസെഞ്ച്വറി നേടിയ കെ.എൽ രാഹുലിന് (77)പരിക്ക്

ലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ 288/2

ഗാൾ : 80-ാം സ്വാതന്ത്ര്യദിനത്തിൽ 600-ാം ടെസ്റ്റിനിറങ്ങിയ ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്ക് എതിരെ മികച്ച തുടക്കം. ഗാളിൽ ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിറുത്തുമ്പോൾ 288/2 എന്ന നിലയിലാണ്.തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി പുറത്താകാതെ നിൽക്കുന്ന മലയാളി താരം ദേവ്‌ദത്ത് പടിക്കലും (131*) അർദ്ധസെഞ്ച്വറി കടന്ന ശേഷം പരിക്കേറ്റ് മടങ്ങേണ്ടിവന്ന വൈസ് ക്യാപ്ടൻ കെ.എൽ രാഹുലും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടത്. ഓപ്പണർ യശസ്വി ജയ്സ്വാൾ (32), ക്യാപ്ടൻ ശുഭ്മാൻ ഗിൽ(16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കളിനിറുത്തുമ്പോൾ റിഷഭ് പന്താണ് (27 നോട്ടൗട്ട്) ദേവ്ദത്തിന് കൂട്ട്.

ഗാൾ സ്റ്റേഡിയത്തിന് മുന്നിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം കളത്തിലിറങ്ങിയ ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ ടോസ് ലഭിച്ചപ്പോൾ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.സായ് സുദർശൻ പരിക്കുമൂലം ടീമിൽ നിന്ന് മാറ്റപ്പെട്ടതിനാൽ ഫസ്റ്റ് ഡൗൺ പൊസിഷനിൽ ഇന്ത്യ ദേവ്‌ദത്തിനെ ഉൾപ്പെടുത്തുകയായിരുന്നു. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ എന്നിങ്ങനെ മൂന്ന് ഇടംകയ്യൻ സ്പിന്നർമാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പേസർമാരായി സിറാജും പ്രസിദ്ധ് കൃഷ്ണയും ഇലവനിലുണ്ട്.

നിർഭാഗ്യമായി

യശസ്വിയുടെ റൺഔട്ട്

കെ.എൽ രാഹുലും യശസ്വി ജയ്സ്വാളും ചേർന്ന് മാന്യായ തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ 11-ാം ഓവറി ന്റെ അവസാനപന്തിൽ ഇന്ത്യൻ സ്കോർ 47ൽ നിൽക്കുമ്പോൾ നിർഭാഗ്യത്താൽ യശസ്വിക്ക് റൺഔട്ടാകേണ്ടിവന്നു.

കേഷര നുവാന്ത എറിഞ്ഞ പന്തിൽ രാഹുൽ സിംഗിളിനോടിയപ്പോൾ മറുപുറത്ത് ഓടിത്തുടങ്ങിയ യശസ്വി പന്ത് തടയാൻ ശ്രമിച്ച ബൗളറുമായി കൂട്ടിയിടിച്ചുവീണു. പാതിവഴി പിന്നിട്ട രാഹുൽ തിരിച്ചുപോകാൻ ആവശ്യപ്പെട്ടെങ്കിലും വീണിടത്തുനിന്ന് എഴുന്നേറ്റ യശസ്വി ഓടാൻതന്നെ തുടങ്ങി. എന്നാൽ ഓടിത്തുടങ്ങി പൊടുന്നനെ തീരുമാനം മാറ്റിയ യശസ്വി തിരിച്ചുകയറാൻ പോയി. ഇതോടെ ഇരുവരും ഒരുമിച്ച് നോൺസ്ട്രൈക്കേഴ്സ് എൻഡിലേക്ക് എത്തി . ആദ്യം ബാറ്റുകുത്തിയത് രാഹുലാണ്. ബാറ്റിംഗ് എൻഡിൽ പന്തുകിട്ടിയപ്പോൾ കീപ്പർ നിരോഷൻ ഡിക്ക്‌വെല്ല കൂട്ടിയിടിയുടെ പശ്ചാത്തലത്തിൽ ആദ്യം ബെയിൽസ് ഇളക്കാൻ മടിച്ചു. എന്നാൽ സ്ളിപ്പിൽ ഫീൽഡ് ചെയ്തിരുന്ന ക്യാപ്ടൻ ധനഞ്ജയ ഡിസിൽവയുടെ നിർദേശപ്രകാരം ബെയിൽസ് ഇളക്കിയതോടെ യശസ്വി പുറത്തായി.

കർണാടകക്കൂട്ട്

മലയാളിയാണെങ്കിലും കർണാടകയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ദേവ്‌ദത്ത് കർണാടക താരമായ കെ.എൽ രാഹുലിനൊപ്പം കൂട്ടുചേരാനെത്തിയതോടെ കളി വീണ്ടും ഇന്ത്യയു‌ടെ നിയന്ത്രണത്തിലായി.101/1 എന്നനിലയിലാണ് ലഞ്ചിന് പിരിഞ്ഞത്. മഴ അൽപ്പനേരം തടസപ്പെടുത്തിയെങ്കിലും രാഹുൽ വലതുകൈയിലെ വേദന അസഹ്യമായി മടങ്ങുന്നതുവരെ ഇരുവരും ലങ്കൻ സ്പിന്നർമാരുടെ സ്വൈര്യം കെടുത്തി. 150 റൺസാണ് ഇവർ ചേർന്ന് നേടിയത്. 162 പന്തുകൾ നേരിട്ട രാഹുൽ ഒൻപത് ബൗണ്ടറികളും ഒരു സിക്സും ഉൾപ്പടെയാണ് 77 റൺസ് നേടിയത്. ഇതിനിടയിൽ രാഹുലിന്റെ ഒരു ഷോട്ട് ഫൈൻ ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന നിഷാൻ മദുഷ്കയുടെ ഹെൽമറ്റിൽ കൊണ്ടെങ്കിലും ഭാഗ്യത്തിന് വലിയ പരിക്കേറ്റില്ല.

കന്നി സെഞ്ച്വറി

തുടർന്നെത്തിയ ക്യാപ്ടൻ ഗില്ലുമായി ചായയ്ക്ക് ശേഷം ബാറ്റിംഗ് തുടർന്ന ദേവ്‌ദത്ത് സെഞ്ച്വറിയിലേക്ക് കുതിച്ചു. നേരിട്ട 134-ാമത്തെ പന്തിലാണ് തന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയിലെത്തിയത്. 2024ൽ ഇംഗ്ളണ്ടിനെതിരെ ധർമ്മശാലയിൽ ആദ്യ ടെസ്റ്റ് കളിച്ച ദേവ്ദത്തിന്റെ മൂന്നാം ടെസ്റ്റാണിത്. 2024 നവംബറിൽ പെർത്തിൽ ഓസ്ട്രേലിയയ്ക്ക് എതിരെ കളിച്ച ശേഷം ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങാൻ അവസരം എടപ്പാളിൽ ജനിച്ച് ബെംഗളുരുവിൽ വളർന്ന ദേ‌വ്ദത്ത് മുതലാക്കുകയായിരുന്നു. ടീം സ്കോർ 236ൽ വച്ച് ഗില്ലിനെ നഷ്ടമായെങ്കിലും പകരമിറങ്ങിയ റിഷഭ് പന്ത് 36 പന്തുകളിൽ 27 റൺസുമായി സ്കോർ ഉയർത്താൻ കൂടെനിന്നു. ഇതുവരെ 178 പന്തുകൾ നേരിട്ട ദേവ്ദത്ത് 12 ഫോറുകളും ഒരു സിക്സും പായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVDUTH CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360