SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.54 AM IST

കട്ടപ്പാര കടന്ന് ഫ്രാൻസ്

v

പാരഗ്വേയുടെ പരുക്കൻ കളിയിൽ പെനാൽറ്റി ഗോളിൽ ജയിച്ച് ഫ്രാൻസ്

ഫിലാഡൽഫിയ : കയ്യൂക്കുകൊണ്ട് തടുക്കാൻ നോക്കിയ പാരഗ്വേയെ പെനാൽറ്റികൊണ്ട് ശിക്ഷിച്ച് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുൻചാമ്പ്യന്മാരായ ഫ്രാൻസിന്റെ പടയോട്ടം. ഉന്തിയും തള്ളിയും ജഴ്സിയിൽ പിടിച്ചുവലിച്ചും ചവിട്ടിയും കൈമുട്ടുകൊണ്ട് വാരിയെല്ലിന് കുത്തിയും കുതികാലിന് ഇടംകോലിട്ടും ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ചെയ്തിട്ടും പരാഗ്വേക്കാർക്ക് ഒരു മഞ്ഞക്കാർഡുകൊണ്ടുപോലും ദോഷം വരുത്താതിരുന്ന ഉസ്ബക്കിസ്ഥാൻകാരനായ റഫറി ഇൽഗിസ് തന്തഷേവും മത്സരശേഷം വിമർശനങ്ങൾ ഏറ്റുവാങ്ങി. മൂന്ന് ഫ്രഞ്ചുകാർക്ക് മഞ്ഞകൊടുക്കാൻ പക്ഷേ തന്തഷേവ് മറന്നില്ല.ഫൈനൽ വിസിൽ കഴിഞ്ഞിട്ടും തമ്മിലടി തീരാതിരുന്നപ്പോഴാണ് പരാഗ്വേക്കാർക്ക് ഒരു മഞ്ഞക്കാർഡ് കാണിക്കാൻ റഫറി തയ്യാറയത്. കളി കഴിഞ്ഞതിനാൽ ഇത് കണക്കിൽ കൂട്ടിയതുമില്ല.

വാർ റഫറിയുടെ കാലത്താണ് പാരഗ്വേ ഇത്രയും കാടൻ കളി കാട്ടാൻ തയ്യാറായത്. എങ്കിലും ഫ്രാൻസിന് ഗോളടിക്കാൻ വഴിയൊരുക്കിയത് വീഡിയോ റഫറിയാണ്. 70-ാം മിനിട്ടിൽ ദിസിയെർ ദുവെയെ ബോക്സിനുള്ളിൽ ഡീഗോ ഗോമസ് പിടിച്ചുവലിച്ചിട്ടതിനാണ് വാർ പരിശോധിച്ച് പെനാൽറ്റി വിധിച്ചത്. കിലിയൻ എംബാപ്പെ പെനാൽറ്റിയെടുക്കാൻ വന്നപ്പോൾ പെനാൽറ്റി സ്പോട്ട് ചവിട്ടിത്തേയ്ക്കാനും പാരഗ്വേക്കാർ ശ്രമിച്ചു. ഈ പ്രകോപനങ്ങളിലൊന്നും വഴങ്ങാതിരുന്ന എംബാപ്പെ കിക്ക് വലയിലാക്കി മത്സരത്തിന്റെ വിധിയെഴുതി.

ഫിലാഡൽഫിയയിലെ കനത്തചൂടിനൊപ്പമാണ് പാരഗ്വേക്കാരുടെ പരുക്കൻ കളിയും ഫ്രാൻസിന് നേരിടേണ്ടിവന്നത്. രണ്ടാം റൗണ്ടിൽ ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച പാരഗ്വേക്കാർ തുടക്കം മുതൽ പ്രതിരോധം മുറുക്കി ഫ്രാൻസിന്റെ മുന്നേറ്റങ്ങൾ തങ്ങളുടെ ബോക്സിലേക്ക് എത്താതിരിക്കാനാണ് ശ്രമിച്ചത്. ഈ കുരുക്ക് മറികടന്ന് ആദ്യ പകുതിയിൽ തൊടുത്ത ഷോട്ടുകൾ പാരഗ്വേ ഗോളി ഒർലാൻഡോ ഗിൽ തട്ടിക്കളയുകയും ചെയ്തു. കഴിഞ്ഞമത്സരങ്ങളിലെല്ലാം മൂന്നോ അതിലേറെയോ ഗോളുകൾ നേടിയിരുന്ന ഫ്രാൻസിന് അതിനാലാണ് ഒറ്റഗോളിൽ ഒതുങ്ങേണ്ടിവന്നത്.

കൈകൊടുക്കാതെ

എംബാപ്പെ

മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പതിവ് ഹസ്തദാനത്തിന് കൈനീട്ടിയ പാരഗ്വേ ഗോളി ഗില്ലിനെ എംബാപ്പെ മനപ്പൂർവ്വം അവഗണിച്ചു. ഗാലറിയിലെ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്ന എംബാപ്പെയുടെ പുറത്തേക്ക് കയ്യിലിരുന്ന പന്തുമെറിഞ്ഞാണ് ഗിൽ പോയത്. എംബാപ്പെ അതും ശ്രദ്ധിച്ചില്ല. മത്സരത്തിലുടനീളമുള്ള പാരഗ്വേ താരങ്ങളുടെ ശരീരഭാഷയ്ക്ക് എതിരെ മുൻ കളിക്കാരും കമന്റേറ്റർമാരും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മത്സരശേഷം എംബാപ്പെയും എതിർടീമിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു.

പാരഗ്വേയ്ക്ക് എതിരെ കളിക്കാൻ ഇറങ്ങുമ്പോൾ തന്നെ ഇത്തരത്തിലുള്ള കളിയായിരിക്കുമെന്ന് ഞങ്ങൾ കരുതിയതാണ്. പരുക്കൻ കളിയിൽ ഞങ്ങൾക്ക് പരിഭവമൊന്നുമില്ല. പക്ഷേ ഈ രീതിയിൽ കളിക്കാൻ ഞങ്ങൾക്കും അറിയാമെന്ന് മനസിലാക്കുന്നത് നന്ന്.

- കിലിയൻ എംബാപ്പെ

14

ഗോളുകളാണ് ഇതുവരെയുള്ള നാലുമത്സരങ്ങളിൽ നിന്ന് ഫ്രാൻസ് നേടിയത്. ഇതിൽ 13 എണ്ണവും ഗ്രൂപ്പ് റൗണ്ടിൽ നിന്ന്.

7

ഈ ലോകകപ്പിൽഎംബാപ്പെയുടെ ഗോളുകളുടെ എണ്ണം. മെസിക്കൊപ്പമാണ് ഇക്കാര്യത്തിൽ എംബാപ്പെ.

10

ലോകകപ്പിൽ 10 നോക്കൗട്ട് മത്സരങ്ങളിൽ വിജയം നേടുന്ന ആദ്യ കോച്ചായി ഫ്രാൻസിന്റെ ദിദിയർ ദെഷാംപ്സ്. 2012 മുതൽ ഫ്രാൻസിന്റെ കോച്ചായ ദെഷാംപ്സ് 2014 ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരത്തിലും 2018ൽ നാലുമത്സരങ്ങളിലും 2022ൽ മൂന്ന് മത്സരങ്ങളിലും വിജയം നേടിയിരുന്നു. ഇക്കുറി നോക്കൗട്ടിലെ രണ്ടാം ജയം.

17

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ കോച്ചെന്ന ജർമ്മനിയുടെ ഹെൽമുട്ട് ഷോണിന്റെ (16) റെക്കാഡും ദെഷാംപ്സ് മറികടന്നു. ക്യാപ്ടനായും കോച്ചായും ലോകകപ്പ് നേടിയ മൂന്നാമത്തെയാളാണ് ദെഷാംപ്സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360