
ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അവശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ കൂടിയാണ്. ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആഫ്രിക്കൻ സാന്നിദ്ധ്യം അവസാനിച്ചു. ലാറ്റിനമേരിക്കയിൽ നിന്ന് അർജന്റീന ഒഴിച്ചാൽ എല്ലാം യൂറോപ്യൻ ടീമുകൾ. ഇന്ന് രാത്രി രണ്ടരയ്ക്ക് നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ ടീമുകളായ ഇംഗ്ളണ്ടും നോർവേയുമാണ് ഏറ്റുമുട്ടുന്നത്. നാളെ രാവിലെ ആറരയ്ക്കാണ് അർജന്റീനയും സ്വിറ്റ്സർലാൻഡും തമ്മിലുള്ള മത്സരം.
ഇംഗ്ളണ്ട് Vs നോർവേ,
ഇന്ത്യൻസമയം ഞായർ പുലർച്ചെ 2.30 മുതൽ
ഗ്രൂപ്പിലെ എല്ലാമത്സരങ്ങളും ജയിച്ച് നോക്കൗട്ടിലെത്തിയ നോർവേയും ഘാനയ്ക്ക് എതിരെ ഗോൾരഹിത സമനില വഴങ്ങിയും ക്രൊയേഷ്യയേയും പാനമയേയും തോൽപ്പിച്ചും ഗ്രൂപ്പ് റൗണ്ടിൽ ഒന്നാമതായ ഇംഗ്ളണ്ടും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം നടക്കുന്നത് മയാമിയിൽ.
രണ്ടാം റൗണ്ടിൽ നോർവേ ഐവറി കോസ്റ്റിനെ മറികടന്നത് 2-1ന്. പ്രീ ക്വാർട്ടറിൽ ബ്രസീലിന് എതിരായ വിജയവും ഇതേ സ്കോറിന്. ഇംഗ്ളണ്ട് രണ്ടാം റൗണ്ടിൽ കോംഗോയെ 2-1നും പ്രീ ക്വാർട്ടറിൽ മെക്സിക്കോയെ 3-2നും കീഴടക്കി.
ഗോളടിച്ചുകൂട്ടുന്ന എർലിംഗ് ഹാലാൻഡാണ് നോർവേയുടെ ശക്തികേന്ദ്രം. ക്യാപ്ടൻ മാർട്ടിൻ ഒഡേഗാർഡ് മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കുന്നു. അന്റോണിയോ നൂസയും സോർലോത്തുമൊക്കെ ഇംഗ്ളണ്ടിന് ഭീഷണിയാകുന്ന താരങ്ങൾ.
ക്യാപ്ടൻ ഹാരി കേൻ- ജൂഡ് ബെല്ലിംഗ്ഹാം സഖ്യത്തിന്റെ ഫോമാണ് ഇംഗ്ളണ്ടിന്റെ പ്രതീക്ഷ. ഡെക്ളാൻ റൈസ്,ബുക്കായോ സാക്ക,ആന്തണി ഗോർഡൻ,ഗ്വുയേഹി തുടങ്ങിയ മികച്ച താരങ്ങൾ ഇംഗ്ളണ്ട് നിരയിലുമുണ്ട്.
12 തവണ ഇംഗ്ളണ്ടും നോർവേയും ഏറ്റുമുട്ടിയിട്ടുണ്ട്. 7 ജയം ഇംഗ്ളണ്ടിന്. രണ്ട് ജയം നോർവേയ്ക്ക് മൂന്ന് കളി സമനിലയിൽ.
അർജന്റീന Vs സ്വിറ്റ്സർലാൻഡ്
ഇംഗ്ളണ്ട് Vs നോർവേ,
ഇന്ത്യൻസമയം ഞായർ രാവിലെ 6.30 മുതൽ
ഗ്രൂപ്പിലെ മൂന്ന് കളികളും ജയിച്ച് അതിൽ നിന്നുമാത്രം എട്ടുഗോളുകൾ നേടിയവരാണ് അർജന്റീന.അൾജീരിയ,ഓസ്ട്രിയ,ജോർദാൻ പന്നിങ്ങനെ ദുർബലരോടായിരുന്നു ഈ ജയങ്ങൾ. ഗ്രൂപ്പിൽ ഒരു സമനിലയും രണ്ട് ജയവുമായാണ് സ്വിസ് ടീം മുന്നേറിയത്.
രണ്ടാം റൗണ്ടിൽ കാബോ വെർദേയോടും പ്രീക്വാർട്ടറിൽ ഇജിപ്തിനോടും ശരിക്കും വിറച്ചാണ് അർജന്റീന 3-2ന്റെ ജയം നേടിയത്. അൾജീരിയയെ രണ്ടാം റൗണ്ടിൽ 2-0ത്തിന് തോൽപ്പിച്ച സ്വിസ്റ്റ പ്രീ ക്വാർട്ടറിൽ കൊളംബിയയെ വീഴ്ത്തിയത് ഷൂട്ടൗട്ടിൽ.
സാക്ഷാൽ മെസിതന്നെ അർജന്റീനയുടെ തുറുപ്പുചീട്ട്. പരേഡേസും ജൂലിയൻ അൽവാരേസും മക് അലിസ്റ്ററും എൻസോയും ലൗതാരോയും ഡിപോളുമൊക്കെ ടീമിലുണ്ടെങ്കിലും മെസിയെ കേന്ദ്രീകരിച്ച് മാത്രമാണ് മുന്നോട്ടുപോക്ക്.
ഗ്രാനിറ്റ് ഷാക്ക നയിക്കുന്ന സ്വിറ്റ്സർലാൻഡിന് നഷ്ടപ്പെടാൻ ഒന്നുമില്ല. ബ്രീൽ എംബോളോ,എൻഡോയെ,റെയ്ഡർ,അകാൻജി തുടങ്ങിയ മികച്ച താരങ്ങൾ. കൊളംബിയയ്ക്ക് എതിരായ ഷൂട്ടൗട്ടിൽ മിന്നുന്ന ഫോം കാട്ടിയ ഗോളി ഗ്രഗോർ കോബലിലാണ് പ്രതീക്ഷ.
7 മത്സരങ്ങളിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 5 തവണയും ജയിച്ചത് അർജന്റീന. രണ്ട് കളികൾ സമനിലയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |