
ലോസ്എഞ്ചൽസ്: രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ രണ്ട് താരങ്ങളാണ് സ്‌പെയിനും ബെൽജിയവും തമ്മിലുള്ള ഫിഫ ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിന്റെ വിധിയെഴുതിയത്. 85-ാംമിനിട്ടിൽ ഡാനി ഓൾമോയുടെ പകരക്കാരാനായി കളത്തിലിറങ്ങിയ മികെൽ മെറീനൊ 88-ാംമിനിട്ടിൽ ഗോൾ നേടി ഒരിക്കൽക്കൂടി സ്‌പെയിനിന്റെ വിജയ നായകനായി. എന്നാൽ 71-ാംമിനിട്ടിൽ തിബൊ ക്വോട്ട്‌വായ്ക്ക് പകരക്കാരനായി മൈതാനത്തെത്തിയ ഗോൾ കീപ്പർ സന്നെ ലാമെൻസ് മെറീനൊയുടെ ഗോളിന് കാരമണമായ പിഴവിലൂടെ ബെൽജിയത്തിന്റെ ദുരന്ത നായകനുമായി. ബോക്സിന് പുറത്ത് നിന്ന് സ്‌പെയിനിന്റെ കുബാർസി തൊടുത്ത നിലംപറ്രെയുള്ള ഷോട്ട് ഇടത്തേയ്ക്ക്ഡൈവ് ചെയ്ത് കൈയിൽ ഒതുക്കാനുള്ള ലാമെൻസിന് പിഴച്ചു, റീബൗണ്ട് പിടിച്ചെടുത്ത് മെറീനൊ ക്ലിനിക്കൽ ഫിനിഷിംഗിലൂടെ വലകുലുക്കുമ്പോൾ സ്‌പെയനിന് സെമിയിലേക്കും ബെൽജിയത്തിന് പുറത്തേക്കും വഴി തെളിഞ്ഞു. 2010ൽ ചാമ്പ്യൻമാരായ ശേഷം സ്‌പെയ്‌ൻ ആദ്യമായാണ് ഫിഫ ലോകകപ്പിന്റെ സെമിയിൽ എത്തുന്നത്.
സ്‌പാനിഷ് ആധിപത്യം
വിജയമർഹിക്കുന്ന പ്രകടനം തന്നെയാണ് മുൻചാമ്പ്യന്മാരായ സ്പെയിൻ ക്വാർട്ടറിൽ പുറത്തെടുത്തത്. പാസിംഗിലും പൊസഷിനിലും ഷോട്ടുകളിലുമെല്ലാം സ്‌പെയിനിന്റെ സമഗ്രാധിപത്യമായിരുന്നു. എട്ടോളം ഷോട്ടുകൾ സ്‌പെയിൻ ടാർജറ്റിലേക്ക് ബെൽജിയത്തിന് മൂന്ന് ഷോട്ടെ ലക്ഷ്യത്തിലേക്ക് ഉണ്ടായിരുന്നുള്ളൂ. മത്സരത്തിന്റെ തുടക്ക മുതൽ സ്പാനിഷ് പട ബെൽജിയത്തിന്റെ ഗോൾ മുഖം ലക്ഷ്യമാക്കി ആക്രമണം തുടങ്ങി. ക്വോട്ട്‌വായുടെ മിന്നും സേവുകൾ പലപ്പോവും ബെൽജിയത്തിന് തുണയായി. കൗണ്ടർ അറ്റാക്കുകളിലൂടെയായിരുന്നു ബെൽജിയത്തിന്റെ മുന്നേറ്രങ്ങൾ. ജെറമി ഡോക്കുവിലൂടെയായിരുന്നു പ്രധാനമായും ബെൽജിയത്തിന്റെ ആക്രമണങ്ങൾ.
ഗോൾ സ്കോറർമാർ
സ്‌പെയിൻ- ഫാബിയൻ റൂയിസ് (30-ാം മിനിട്ട്), മെറീനൊ (88)
ബെൽജിയം -ചാൾസ് ഡെ കെറ്റെലെരെ (41)
ഫാബുലസ് ഫാബിയൻ
ഡാനി ഓൾമോയുെ ബോക്സിനുള്ളിൽ നിന്നുള്ള നിലം പറ്റെയുളള ഷോട്ട് വലത്തോട്ട് ഡൈവ് ചെയത് ക്വോട്ട്‌വാ തട്ടിക്കളഞ്ഞെങ്കലും പന്ത് ഫാബിയാൻ റൂയീസിലേക്ക്. റീബൗണ്ട് തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കി റൂയിസ് സ്‌പെയിനിന് ലീഡ് സമ്മാനിച്ചു. പെഡ്രിക്ക് പകരം റൂയിസിനെ ആദ്യ ഇലവനിൽ ഇറക്കാനുള്ള സ്‌പാനിഷ് കോട്ട് ഡെ ലാ ഫ്യുയന്റെയുടെ തീരുമാനം കൃത്യമായി.
കെറ്റെലെരെ കൊള്ളാം
വലതുവിംഗിൽ നിന്ന് കെവിൻ ഡി ബ്രൂയിനെ നൽകിയ ഗംഭീര ക്രോസ് തലകൊണ്ട് സ്പാനിഷ് വലയിലേക്ക് തിരിച്ചുവിട്ടാണ് ചാൾസ് ഡെ കെറ്റെലെരെ ബെൽജിയത്തിന്റെ സമനില ഗോൾ നേടിയത്. ഈ ലോകകപ്പിൽ സ്‌പെയിൻ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. സ്പാനിഷ് ഗോളി ഉനെ സിമോൺ 650 മിനിട്ടിന് ശേഷം വഴങ്ങുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.
പഴയ കണക്കു തീർക്കൽ
1986 ലെ ലോകകപ്പിലെ ക്വാർട്ടറിലും സ്പെയ്‌നും ബെൽജിയവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇരുടീമും 1-1ന് സമനില പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്നീണ്ട മത്സരത്തിൽ ബെൽജിയം ജയം സ്വന്തമാക്കുകയായിരുന്നു. ഈ തോൽവിക്കുള്ള കണക്ക് തീർക്കൽ കൂടിയായി സ്‌പെയിനിന് ഇത്തവണത്തെ ജയം.
സുവർണതലമുറയിലെ അവസാന കണ്ണികളും
ബെൽജിയത്തിന്റെ സുവർണ തലമുറയിലെഅവസാന കണ്ണികളായ കെവിൻ ഡി ബ്രുയിനെ, റൊമേലുലുകാക്കു, തിബൊ ക്വോട്ട്‌വാ എന്നിവരും കിരീടമില്ലാതെ ലോകകപ്പിൽ നിന്ന് മടങ്ങുകയാണ്. അടുത്ത ലോകകപ്പിൽ ഇവർ കളിക്കാനുള്ള സാധ്യത കുറവാണ്.
മെറീനൊ അദ്ഭുതം
ഒരുലോകകപ്പ് ടൂർണമെന്റിൽ രണ്ട് നോക്കൗട്ട് മത്സരങ്ങളിൽ പകരക്കാരനായിറങ്ങിയ വിജയ ഗോൾ നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് സ്പാനിഷ് താരം മിക്കായെൽ മെറീനൊ.
പ്രീക്വാർട്ടറിൽ പോർച്ചുഗലിനെതിരെ എക്സാട്രാ ടൈംമിൽ (90+1) സ്പെയിനിന്റെ വിജമുറപ്പിച്ച ഗോളടിച്ച മെറീനൊ ബെൽജിയത്തിനെതിരെയും അവസാന നിമിഷ ലക്ഷ്യം കാണുകയായിരുന്നു.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ആഴ്സണലിനു വേണ്ടി നന്നായി കളിച്ച മെറീനൊയ്ക്ക് ഗുരുതരമായ പരിക്ക് മൂലം ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന ആശങ്കയിലായിരുന്നു.
ലോകകപ്പിന് തൊട്ടുമുൻപ് ഫിറ്റ്‌നസ് വീണ്ടെടുത്ത മെറീനൊയെ സ്പാനിഷ് കോച്ച് ലോകകപ്പ്ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |