
ഒഡിഷയ്ക്ക് എതിരായ രഞ്ജി മത്സരത്തിൽ അസറുദ്ദീനും(139*) സെഞ്ച്വറി
കേരളം 404ന് പുറത്ത്, രണ്ടാം ദിനം കളി നിറുത്തുമ്പോൾ ഒഡിഷ 114/3
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും (139 നോട്ടൗട്ട്) സെഞ്ച്വറി നേടിയതോടെ ഒഡിഷയ്ക്ക് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. 245/6 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനിറങ്ങിയ കേരളം 404 റൺസിന് ഒന്നാം ഇന്നിംഗ്സിൽ ആൾഔട്ടായി. ആദിത്യ സർവാതെയുടെ അർദ്ധസെഞ്ച്വറിയും (53) കേരളത്തിന് കരുത്തായി. ആദ്യ ദിനം സച്ചിൻ ബേബിയും(112) സെഞ്ച്വറി നേടിയിരുന്നു. മറുപടിക്കിറങ്ങിയ ഒഡിഷ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ 114/3 എന്ന നിലയിലാണ്. 290 റൺസ് പിന്നിലാണ് ഇപ്പോൾ സന്ദർശകർ.
72 റൺസുമായി അസറും മൂന്ന് റൺസുമായി ആദിത്യ സർവാതേയുമാണ് ഇന്നലെ കേരളത്തിനായി ബാറ്റിംഗ് തുടരാനെത്തിയത്. ഇവർ ആദ്യ സെഷനിൽ ഒഡിഷ ബാറ്റിംഗിനെ ധീരമായി നേരിട്ടതോടെ കേരളം 300 കടന്നു. അസറുദ്ദീൻ സെഞ്ച്വറിയിലെത്തുകയും ചെയ്തു. അർദ്ധസെഞ്ചറി തികച്ചതിന് പിന്നാലെയാണ് സർവാതെ പുറത്തായത്.99 റൺസാണ് ഏഴാം വിക്കറ്റിൽ അസറും ആദിത്യയും ചേർന്ന് കൂട്ടിച്ചേർത്തത്. ആദിത്യ പുറത്തായശേഷം അഭിജിത്ത് പ്രവീൺ(14), എം.ഡി നിതീഷ് (15) എന്നിവരുടെ പിന്തുണയോടെ അസർ ടീമിനെ 400 കടത്തി. 263 പന്തുകൾ നേരിട്ട അസർ 11 ബൗണ്ടറികൾ ഉൾപ്പടെയാണ് 139 റൺസിലെത്തി പുറത്താകാതെ നിന്നത്. അസറിന്റെ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിലെ മൂന്നാമത്തെ സെഞ്ച്വറിയാണിത്.
ഒഡിഷയ്ക്ക് വേണ്ടി പേസർ ലളിത് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രാജേഷ് മൊഹന്തി, സൗമ്യ ലെങ്ക, നിനദ് രത്വ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ഇന്നിംഗ്സിനിറങ്ങിയ ഒഡിഷയ്ക്ക് വേണ്ടി ഓപ്പണർമാരായ ഗൗരവ് ചൗധരിയും (50) ശന്തനു മിശ്രയും (32) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 60 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യത്തെ 23-ാം ഓവറിൽ പിരിച്ച് കേരളത്തെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് ജലജ് സക്സേനയാണ്. ശന്തനുവിനെ എൽ.ബിയിൽ കുരുക്കുകയായിരുന്നു ജലജ്. 96 പന്തുകളിൽ അഞ്ച് ബൗണ്ടറികളടക്കം 50 റൺസ് നേടിയ ഗൗരവിനെ 32-ാം ഓവറിൽ സർവാതെയുടെ പന്തിൽ കീപ്പർ അസറുദ്ദീനാണ് പിടികൂടിയത്. ടീം സ്കോർ 103ലെത്തിയപ്പോൾ ഓം മുണ്ടെയെ(14) സർവാതെ എൽ.ബിയിൽ കുരുക്കി മടക്കി അയച്ചു. ഇന്നലെ കളി നിറുത്തുമ്പോൾ 16 റൺസുമായി ക്യാപ്ടൻ ശുഭ്രാംശു സേനാപതിയും രണ്ട് റൺസുമായി സന്ദീപ് പട്നായ്ക്കുമാണ് ക്രീസിൽ.
ഇന്ന് എത്രയും പെട്ടെന്ന് ഒഡിഷയെ ആൾഔട്ടാക്കി ഒന്നാം ഇന്നിംഗ്സിൽ സുരക്ഷിതമായ ലീഡ് നേടുകയാണ് കേരളത്തിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |