
കോഴിക്കോട്: ട്രാക്കിലും ഫീൽഡിലും മികവിന്റെ പോരാട്ടം തീർക്കാൻ സംസ്ഥാനത്തെ സ്കൂൾ കായികതാരങ്ങൾ അടുത്ത ആഴ്ച കോഴിക്കോട്ടെത്തും. 25ന് തിരിതെളിയുന്ന 68-ാമത് കേരള സ്കൂൾ കായികമേളയ്ക്ക് ഇനി ഒരാഴ്ച മാത്രം. കായികമാമാങ്കത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. കായികതാരങ്ങളും ടീം മാനേജർമാരും ഒഫീഷ്യൽസും സംഘാടകരുമടക്കം പതിനയ്യായിരത്തോളം പേർ പങ്കെടുക്കും. 25ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും. തിരുവനന്തപുരത്തുനിന്നുള്ള സ്വർണക്കപ്പ് ഘോഷയാത്രയും കാസർകോടുനിന്നുള്ള ദീപശിഖാ പ്രയാണവും അന്നേദിവസം കോഴിക്കോട് ബീച്ചിൽ സംഗമിക്കും. തുടർന്ന് നഗരപ്രദക്ഷിണമായി പ്രധാന വേദിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെത്തും. തുടർന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
എൻ.ഐ.ടി.യിൽ പോരാട്ടം
മേളയിലെ പ്രധാന ആകർഷണമായ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് ക്യാമ്പസാണ് വേദിയാകുന്നത്. 27 മുതൽ 31 വരെ നടക്കുന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800ഓളം താരങ്ങൾ മാറ്റുരയ്ക്കും.
അത്‌ലറ്റിക്സിനു പുറമേ വോളിബോൾ, ക്രിക്കറ്റ്, വുഷു, കരാട്ടെ, നെറ്റ്ബോൾ, ത്രോബോൾ, വടംവലി, യോഗ, ബാസ്കറ്റ്ബോൾ, ബേസ്ബോൾ തുടങ്ങിയ ഇനങ്ങളും മേളയുടെ ഭാഗമാകും. 26ന് ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങൾ നടക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കായിക മികവ് പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുന്നതാണ് ഈ മത്സരങ്ങൾ. 30നാണ് ക്രോസ് കൺട്രി മത്സരങ്ങൾ.
വേദികൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.)(പ്രധാന വേദി)
എം.ഇ.എസ്. രാജാ റെസിഡൻഷ്യൽ സ്കൂൾ, ചാത്തമംഗലം
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ
ദയാപുരം റെസിഡൻഷ്യൽ സ്കൂൾ
സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം , ദേവഗിരി
പി .ടി .എം. എച്ച് എസ്.എസ് കൊടിയത്തൂർ
പി .ടി .എം എച്ച് .എസ്.എസ് കൊടിയത്തൂർ(വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ സ്റ്രേഡിയം)
സെന്റ് സേവിയേഴ്സ് യു.പി സ്കൂൾ പെരുവയൽ
ആർ.ഇ.സി.ജി.വി.എച്ച്.എസ്. സ്കൂൾ, ചാത്തമംഗലം
സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ പാറോപ്പടി, മേരിക്കുന്ന്
പ്രസന്റേഷൻ എച്ച്.എസ്.എസ് ചേവായൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |