
തിരുവനന്തപുരം: വൈഭവ് സൂര്യവംശിയുടെ ബാറ്റ് സ്വിംഗും ടൈമിംഗും വിശ്വസിക്കാൻ കഴിയാത്ത തരത്തിലാണെന്ന് അമ്പയർ കെ എൻ അനന്തപത്മനാഭൻ. ലോക നിലവാരത്തിലുള്ള ബൗളർമാരുടെ പന്തുകളാണ് അടിച്ച് ബൗണ്ടറി കടത്തുന്നത്. ഐപിഎൽ ഫൈനലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിലെ ഓൺ-ഫീൽഡ് അമ്പയറായിരുന്നു മലയാളിയായ കെ എൻ അനന്തപത്മനാഭൻ.
സൂര്യവംശിയുടേത് പതിനഞ്ചുവയസുകാരന്റെ ബാറ്റിംഗല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 'സച്ചിനുമായാണ് വൈഭവിനെ താരതമ്യപ്പെടുത്തുന്നത്. പക്ഷെ സച്ചിൻ തുടക്കത്തിൽ ടെസ്റ്റ് മാച്ചിന് പൊരുത്തപ്പെടുന്ന ആളായിരുന്നു. സൂര്യവംശി തികച്ചും വ്യത്യസ്താമാണ്. ബുംമ്ര, പാറ്റ് കമ്മിൻസ്, റബാദ, സിറാജ് തുടങ്ങിയ മികച്ച ബൗളർമാരുടെ പന്തുകളെ വൈഭവ് അവിശ്വസിനീയമായ രീതിയിലാണ് നേരിടുന്നത്'- അദ്ദേഹം പറഞ്ഞു.
'വിരാടിന്റെ വിവാദമായ ക്യാച്ച് ഗിൽ എടുത്തപ്പോൾ തേർഡ് അമ്പയറിന് അയച്ചു കൊടുക്കകുയാണ് ചെയ്തത്. അതുകൊണ്ട് ടെൻഷൻ മുഴുവൻ തേർഡ് അമ്പയറിനായിരുന്നു. റീപ്ലേയിൽ കൃത്യമായി കാണാൻ കഴിയുന്നുണ്ടായിരുന്നു പന്തിന്റെ ഒരു ഭാഗം വിരലിൽ നിന്ന് പുറത്ത് നിൽക്കുന്നത്. ആ ഭാഗം നിലത്ത് തട്ടുന്നത് വ്യക്തമായിരുന്നു. വിരാട് കൊഹ്‌ലി ആയതിനാലും മത്സരം തീരുന്ന ഘട്ടത്തിലെ ക്യാച്ച് ആയതിനാലും ഏറെ നിർണായകമായിരുന്നു.'- അനന്തപത്മനാഭൻ പറഞ്ഞു.
ധോണിയുടെ വിക്കറ്റ് കീപ്പിംഗ് അമ്പയർമാർക്ക് സഹായകരമാകാറുണ്ടെന്നും അദ്ദേഹം വെറുതെ അപ്പീൽ ചെയ്യാറില്ലെന്നും അനന്തപത്മനാഭൻ പറഞ്ഞു. ധോണിയുടെ ശരീരഭാഷ വച്ച് അമ്പയർമാർക്ക് ധാരണ കിട്ടാറുണ്ട്. ക്യാച്ച് ചെയ്തതിനു ശേഷം പൊക്കിയെറിഞ്ഞാൽ അത് ഉറപ്പായും ഔട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധോണിയെ കൂടാതെ കെ എൽ രാഹുൽ സഞ്ചു സാംസാൺ എന്നിവരും ഡിആർഎസ് സിസ്റ്റത്തിൽ ആക്യുറേറ്റ് ആണ്. വിക്കറ്റ് കീപ്പർമാർക്ക് ബൗളർമാരേക്കളും കുറച്ച് കൂടി നന്നായിട്ട് ഔട്ട് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
സഞ്ചു സാംസണിന്റെ വളർച്ചയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്. 'സഞ്ചുവിന്റെ ആദ്യത്തെ 10 കൊല്ലം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. കൂടുതലും താഴ്ചകളായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ കൺസിസ്റ്റന്റ് ആയി റൺസ് എടുക്കാൻ കഴിഞ്ഞത് സഞ്ചുവിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവിന്റെ മോശം ഫോമിനെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനം ഇനി ആർക്കെന്ന ചർച്ചകളിലും സഞ്ചുവിന്റെ പേര് വന്നുയെന്നുള്ളത് എടുത്തു പറയേണ്ടതാണ്.'- അനന്തപത്മനാഭൻ പറഞ്ഞു.
ഫൈനലിൽ ഓൺ-ഫീൽഡ് അമ്പയർ ആകാൻ പറ്റുകയെന്നത് ഒരു അമ്പയറിന്റെ സ്വപ്നമാണെന്നും അത് ചെയ്യാൻ പറ്റിയതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനന്തപത്മനാഭൻ ഐപിഎൽ അനുഭവത്തെ കുറിച്ചും ഫൈനലിലെ ആകസ്മിക മുഹൂർത്തങ്ങളെ കുറിച്ചും പങ്കുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |