ഡർബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 214 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഓസീസ്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ തങ്ങളുടെ നില കൂടുതൽ സുരക്ഷിതമാക്കി. 11 മത്സരങ്ങളിൽ ഒമ്പത് ജയവുമായി 81.82 പോയിന്റ് ശതമാനമാണ് ഓസീസിനുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ ഓസ്‌ട്രേലിയ 1–0ന് മുന്നിലെത്തി.
ഡർബനിൽ നടന്ന മത്സരത്തിൽ ആദ്യദിനം 124ന് ആറു വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ച നേരിട്ട ഓസീസിനെ മാറ്റ് റെൻഷോയാണ് കരകയറ്റിയത്. 190 റൺസ് നേടിയ റൻഷോയുടെ മികവിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 390 റൺസെടുത്തു. പാറ്റ് കമ്മിൻസുമായി 83 റൺസും നഥാൻ ലിയോണുമായി ചേർന്ന് 123 റൺസിന്റെ കൂട്ടുകെട്ടാണ് റെൻഷോ ടീമിന് സമ്മാനിച്ചത്.
ആദ്യ ഇന്നിംഗ്സിൽ 106 റൺസിന്റെ ലീഡ് ഉയർത്തിയ ഓസീസ് രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനം തുടർന്നു. റെൻഷോയുടെ 82 റൺസും നിക് മാഡിൻസന്റെ 48 റൺസും കരുത്തായതോടെ ആറിന് 314 റൺസെന്ന നിലയിൽ ഓസ്‌ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 421 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പ്രോട്ടീസിന് എയ്ഡൻ മാർക്രത്തിന്റെ 75 റൺസിന്റെ ചെറുത്തുനിൽപ്പിനപ്പുറം മുന്നേറാനായില്ല.
അവസാനദിനം ജോഷ് ഹേസൽവുഡിന്റെ തീപ്പൊരി ബൗളിംഗാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 49 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഹേസൽവുഡ് ആതിഥേയരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 206 റൺസിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. റെൻഷോ ടെസ്റ്റിലെ തന്റെ ആദ്യ വിക്കറ്റും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഞായറാഴ്ച സെന്റ് ജോർജ് പാർക്കിൽ ആരംഭിക്കും.
അതേസമയം ഡർബനിലെ തോൽവിയോടെ നിലവിലെ ടെസ്റ്റ് ചാമ്പ്യന്മാരായ പ്രോട്ടീസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോയിന്റ് ശതമാനം 60 ആയി കുറയുകയും ചെയ്തു. 72.22 ശതമാനം പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ്. ബംഗ്ലാദേശ് 55.56 ശതമാനവുമായി നാലാം സ്ഥാനത്ത് തുടരുന്നു. 51.52 ശതമാനം പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
Australia defeated South Africa by 214 runs in the first Test in Durban to take a 1–0 lead in the three-match series and strengthen their position at the top of the World Test Championship (WTC) 2025–27 standings. Matt Renshaw starred with scores of 190 and 82, while Josh Hazlewood claimed six wickets for 49 runs in the final innings.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |