SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.08 AM IST

ഇറാനിലെ ആണവ നിലയത്തിനുനേരെ വീണ്ടും ആക്രമണം, ബാബ് അൽ മന്ദബ് അടച്ചാൽ ഗ്യാസും പെട്രോളും കിട്ടാതെ ലോകം വലയും

bushehr

ടെഹ്‌റാൻ:: ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ഇതിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ഇറാന്റെ ആണവോർജ ഏജൻസി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് ആണവ വികിരണം ഇല്ലെന്നും ഏജൻസി അറിയിച്ചു. ആണവനിലയത്തിന് സമീപത്തെ കെട്ടിടത്തിലാണ് മിസൈൽ പതിച്ചതെന്നും അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനാണ് മരിച്ചതെന്നുമാണ് റിപ്പോർട്ട്.

കുവൈറ്റിൽനിന്ന് വെറും 240 കിലോമീ​റ്റർ മാത്രം അകലെയാണ് ബുഷെഹർ നിലയം. വീണ്ടും ആക്രമണം ഉണ്ടായതോടെ കുവൈറ്റ് കനത്ത ആശങ്കയിലാണ്. ചോർച്ചയുണ്ടായാൽ ആണവവികിരണം കുവൈറ്റിലേക്ക് എത്തുമെന്നാണ് ഭയക്കുന്നത്. എന്നാൽ ഇതുവരെ ആണവചോർച്ചയില്ലെന്നാണ് ആണവോർജ ഏജൻസി അറിയിക്കുന്നത്. ചോർച്ച ഉണ്ടാവുന്നത് തടയാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. നേരത്തേ മൂന്നുതവണ ബുഷെഹർ ആണവനിലയം ആക്രമിക്കപ്പെട്ടിരുന്നു.

അതിനിടെ, അമേരിക്ക മുന്നോട്ടുവച്ച വെടിനിറുത്തൽ കരാറിൽ നിന്ന് പിൻവാങ്ങിയ ഇറാൻ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുകയാണെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിനെപ്പോലെ തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് എന്ന കടലിടുക്കും ഇറാൻ അടയ്ക്കാൻ പോകുന്നു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹോർമുസ് തുറക്കാൻ വിവിധ രാജ്യങ്ങൾ ഇറാനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് പുതിയ നീക്കം. ബാബ് അൽ മന്ദബ് കൂടി അടച്ചാൽ ലോകത്തെ ഇന്ധനവിതരണം കൂടുതൽ അവതാളത്തിലാകും. ഇത് ഗുരുതര പ്രശ്നങ്ങളാകും ഉണ്ടാക്കുക.

ചെങ്കടലിനെ ഏദൻ ഗൾഫുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. ഇതിന്റെ ഒരു വശത്ത് യെമൻ സ്ഥിതി ചെയ്യുന്നു. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ബാബ് അൽ മന്ദബ് വഴിയുള്ള ഗതാഗതം തടസപ്പെടുത്തുമെന്ന് അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഒന്നും ഉണ്ടായില്ല. ഹൂതി വിമതരെ ഉപയോഗിച്ചാവും ഇറാൻ ബാബ് അൽ മന്ദബിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, IRAN, USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360