ടെഹ്റാൻ: ഒരു ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ ഭീതി ശക്തമാകുന്നു. ഇറാനിൽ അമേരിക്കയുടെ ആക്രമണവും തുടർന്ന് ജോർദാനെ ഇറാൻ ആക്രമിച്ചതും വീണ്ടും യുദ്ധഭീതി സജീവമാക്കുകയാണ്. അനിശ്ചിതമായി നീളുന്ന സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനും ലക്ഷ്യമിട്ട് നടക്കുന്ന അനുനയ ചർച്ചകൾക്കും പുതിയ നീക്കം തിരിച്ചടിയാകും.
ഒരു മാസത്തോളമായി കാര്യമായി ആക്രമണങ്ങളൊന്നും മേഖലയിൽ നടന്നിരുന്നില്ല. അറബ് രാജ്യങ്ങൾ അടക്കമുള്ളവയുടെ നേതൃത്വത്തിൽ സംഘർഷം ഒഴിവാക്കാനും ഹോർമുസ് തുറക്കാനുമായി നടത്തിയ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ കൂടിയാണ് വീണ്ടും ആക്രമണവുമായി അമേരിക്ക രംഗത്തെത്തിയത്.
ഇറാനെതിരെ 2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിന് ആറ് മാസം തികഞ്ഞ സമയത്താണ് ഇറാനിലെ ലാറക് ദ്വീപിന് നേരെ യുഎസ് വീണ്ടും ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇറാൻ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ജോർദാനിലെ അമേരിക്കൻ താവളങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാനും തിരിച്ചടിച്ചു. ഞായറാഴ്ച അർദ്ധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമാണ് ആക്രമണങ്ങൾ നടന്നത്.
അമേരിക്കയുടെയും ഇറാന്റെയും ആക്രമണ പ്രത്യാക്രമണങ്ങളെത്തുടർന്ന് കനത്ത ആശങ്കയിലാണ് പശ്ചിമേഷ്യ. ഹോർമുസിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയതായും കടലിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്തതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് ഹോർമുസിലൂടെയുള്ള കപ്പൽ നീക്ക രേഖകൾ വ്യക്തമാക്കിയിരുന്നു.
പ്രതിദിനം 120-130 കപ്പലുകൾ സഞ്ചരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ചിൽ താഴെ കപ്പലുകളാണ് ഹോർമുസ് കടക്കുന്നത്. ഇറാന്റെ അനുമതിയോടെ മാത്രമാണ് ചരക്കുനീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഹോർമുസിന് സമീപത്തുള്ള ലാറക് ദ്വീപ് ലക്ഷ്യമാക്കി അമേരിക്ക ആക്രമണം നടത്തിയത്. സാധാരണ ഇറാൻ ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെയാണ് ആക്രമണത്തിനായി ലക്ഷ്യമിടുന്നത്. എന്നാൽ, ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ഇനിയും വഷളാക്കാൻ താല്പര്യമില്ലാത്തതിനാലാകാം ജോർദാനിലേക്ക് ആക്രമണം നടത്തിയതെന്നാണ് സൂചന.
Tensions are rising again in West Asia after the US attacked Iran’s Larak Island and Iran retaliated with ballistic missile strikes on US bases in Jordan. The renewed escalation threatens ongoing mediation efforts aimed at ending the conflict and reopening the Strait of Hormuz. Shipping through the strategic waterway has sharply declined, raising concerns over regional stability and global trade.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |