ന്യൂയോർക്ക്: അമേരിക്കൻ സേന പിടികൂടിയതിനെ തുടർന്ന് ന്യൂയോർക്ക് ജയിലിൽ കഴിയുന്ന മുൻ വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ചിത്രങ്ങൾ പുറത്ത്. ജയിലിൽ നിന്നുള്ള രണ്ട് ചിത്രങ്ങളാണ് മഡുറോ പങ്കുവച്ചത്. തന്റെ പേരക്കുട്ടികൾക്കും തങ്ങളെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ചെറിയൊരു സമ്മാനമായാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതെന്ന് മഡുറോ ടെലിഗ്രാം സന്ദേശത്തിൽ കുറിച്ചു. എല്ലാവരുടെയും സ്‌നേഹം ഹൃദയത്തിൽ നിറച്ച് തങ്ങൾ ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങളിൽ ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ധരിച്ച മഡുറോ കൈകൾ ഉയർത്തി വിജയചിഹ്നം കാണിക്കുന്നതായി കാണാം.
ജയിലിലായതിന് ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇന്നാണ് ചിത്രങ്ങൾ പുറത്തുവന്നതെങ്കിലും ക്യാമറയിലെ വിവരങ്ങൾ പ്രകാരം ജൂൺ 25നാണ് ഫോട്ടോ പകർത്തിയതെന്നാണ് വിവരം. വെനസ്വേലയുടെ വടക്കൻ മേഖലയിൽ വൻ നാശനഷ്ടം വിതച്ച ഇരട്ട ഭൂകമ്പത്തിൽ 6,500ലേറെ പേർ മരിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. 'ഞങ്ങൾ ശക്തരും ശാന്തരും ആത്മവിശ്വാസമുള്ളവരുമായി തുടരും. ദൈവം ഞങ്ങളോടൊപ്പമുണ്ട്. ദൈവം വഴികാട്ടും. വെനസ്വേല വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നും മഡുറോ സന്ദേശത്തിൽ പറഞ്ഞു.
ജയിലിൽ മഡുറോയ്ക്ക് പത്രങ്ങളോ ഇന്റർനെറ്റോ ഉപയോഗിക്കാൻ അനുവാദമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എന്നാൽ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും മാസത്തിൽ ഏകദേശം 300 മിനിറ്റ് വരെ ഫോണിൽ സംസാരിക്കാം. ഓരോ കോളിനും പരമാവധി 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.
മഡുറോയുടെ മകൻ നിക്കോളാസ് മഡുറോ ഗവേരയുടെ പ്രതികരണം അനുസരിച്ച് അദ്ദേഹം ആരോഗ്യവാനാണ്. ജയിലിൽ ബൈബിൾ പഠിച്ചാണ് സമയം ചെലവഴിക്കുന്നതെന്നും മകൻ പറഞ്ഞു. മഡുറോയുടെയും ഭാര്യയുടെയും അമേരിക്കയിലെ വിചാരണ 2027 ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ന്യൂയോർക്കിലെ ഫെഡറൽ കോടതി ജൂലായ് അവസാനത്തിൽ അറിയിച്ചിരുന്നു.
ജനുവരിയിൽ അമേരിക്കൻ സൈനിക നടപടി വഴിയാണ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും കാരക്കാസിൽ നിന്ന് പിടികൂടിയത്.അമേരിക്കയ്‌ക്കെതിരെ മയക്കുമരുന്ന് ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും നശീകരണ ഉപകരണങ്ങളും കൈവശം വയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയരിക്കുന്നത്.
Former Venezuelan President Nicolás Maduro, who is being held in a New York jail after being captured by US forces, has shared two photographs from prison. Wearing a grey tracksuit and making a victory sign, Maduro said he and his family remain strong and expressed hope that Venezuela would rise again.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |