
ബീജിംഗ്: പ്രളയക്കെടുതിയ്ക്കിടെ ചൈനയിൽ ഭീതി സൃഷ്ടിച്ച് പാമ്പുകൾ. തെക്കൻ ചൈനയിലെ ഗ്വാങ്ങ്‌ഷീയിൽ ശക്തമായ പ്രളയത്തിനിടെ പുറത്തുചാടിയത് 900 ത്തോളം പാമ്പുകളാണ്. വാണിജ്യാടിസ്ഥാനത്തിൽ പാമ്പുകളെ വളർത്തുന്ന ഫാമുകളിൽ നിന്നാണ് ഉഗ്രവിഷമുള്ള മൂർഖൻ ഇനങ്ങൾ അടക്കം രക്ഷപ്പെട്ടത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. 'മേയ്‌സാക് ' ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഫലമായി ലിയുലാൻ റിസർവോയർ ഡാമിന്റെ ഒരു ഭാഗം തകർന്നു. പിന്നാലെ ഇരച്ചെത്തിയ വെള്ളം ഹെംഗ്ഷൂ പട്ടണത്തിലെ ഫാമുകളെ തകർക്കുകയായിരുന്നു. രക്ഷപ്പെട്ടവയിൽ പലതും വിഷമില്ലാത്തവയാണെന്ന് അധികൃതർ പറയുന്നു. എന്നാൽ ചൈനീസ് ക്രെയ്‌റ്റ്, ഗ്രീൻ പിറ്റ് വൈപ്പർ പോലുള്ള അപകടകാരികളും കൂട്ടത്തിലുണ്ടെന്നത് ആശങ്ക സൃഷ്ടിക്കുന്നു.
നിരവധി പേർക്ക് പാമ്പുകടിയേറ്റു. ഇതിൽ ഒരു സ്ത്രീ മരിച്ചു. വെള്ളത്തിൽ ഒഴുകി നടക്കുന്ന പാമ്പുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പാമ്പുകളെ പിടിക്കാൻ പ്രത്യേക ടീമുകളെ വിന്യസിച്ചു. ആന്റി വെനം അടക്കം ചികിത്സയും സജ്ജമാണ്. അതേ സമയം, പ്രദേശത്തെ പന്നി ഫാമുകളും ഒരു മൃഗശാലയും പ്രളയത്തിൽ തകർന്നു. സീബ്ര, അൽപാക തുടങ്ങി നൂറുകണക്കിന് മൃഗങ്ങൾ ഒഴുക്കിൽപ്പെട്ടു. ഗ്വാങ്ങ്‌ഷീയിൽ ചുഴലിക്കാറ്റും പ്രളയവും മൂലം ഒരാഴ്ചയ്ക്കിടെ 39 പേരാണ് മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |