
ടെഹ്റാൻ: ഇടക്കാല സമാധാന കരാർ ലംഘിച്ച് പരസ്പരം ഏറ്റുമുട്ടിയതിനുപിന്നാലെ പത്തി മടക്കി ഇറാനും യു.എസും. ബുധൻ, വ്യാഴം ദിവസങ്ങളിലുണ്ടായ പോലുള്ള ഏറ്റുമുട്ടലുകൾ ഇന്നലെ പുലർച്ചെ ആവർത്തിക്കാതിരുന്നത് ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസമായി. എന്നാൽ ഏറ്റുമുട്ടൽ നിറുത്തിയെന്ന് ഇരുകൂട്ടരും പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഭീതിയും നിലനിൽക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിൽ യു.എസ് ബോംബിട്ടപ്പോൾ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ തിരിച്ചടി. കാര്യങ്ങൾ വഷളാകാതിരിക്കാൻ യു.എസ് ബോധപൂർവ്വം ആക്രമണം നിറുത്തിവച്ചിരിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
അതേ സമയം, ഇടക്കാല കരാർ പുനഃസ്ഥാപിക്കാൻ ഗൾഫ് രാജ്യങ്ങൾ യു.എസിനും ഇറാനുമിടെയിൽ ശക്തമായ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്. സംഘർഷ പശ്ചാത്തലത്തിൽ വിരലിലെണ്ണാവുന്നത്ര കപ്പലുകൾ മാത്രമാണ് ഹോർമുസ് കടക്കുന്നത്.
അജ്ഞാത സ്ഫോടനം
വ്യാഴാഴ്ച രാത്രി ഇറാനിലെ ബുഷെഹറിൽ സൈനിക കേന്ദ്രത്തിന് സമീപവും തുറമുഖ നഗരമായ കൊണാരകിലും സ്‌ഫോടനങ്ങളുണ്ടായി. പിന്നിൽ തങ്ങളല്ലെന്ന് യു.എസ് പ്രതികരിച്ചു. ഇറാനാകട്ടെ പ്രതികരിച്ചതുമില്ല. മഷാദിലെ വിശുദ്ധ ഇമാം റെസാ പള്ളിയിൽ ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാരം നടക്കവെയായിരുന്നു സംഭവം.
ട്രംപ് - നെതന്യാഹു ചർച്ച
മേഖലയിലെ സ്ഥിതിഗതികൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച ചെയ്തു. ആവശ്യമെങ്കിൽ സൈന്യം ഇറാനെ ആക്രമിക്കാൻ സജ്ജമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കിയിരുന്നു.
ഖമനേയിക്കായി അണിനിരന്നത്
4.3 കോടി ജനങ്ങൾ
ഖമനേയിയുടെ ആറ് ദിവസം നീണ്ട സംസ്കാരച്ചടങ്ങുകളിൽ ആകെ 4.3 കോടി ജനങ്ങൾ പങ്കാളികളായെന്ന് ഇറാൻ മാദ്ധ്യമം. ഇറാനിലും ഇറാക്കിലുമായി അഞ്ച് നഗരങ്ങളിലാണ് വിലാപയാത്ര നടന്നത്. ഖമനേയിയുടെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബാ ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ഇടയാക്കി. യു.എസ് - ഇസ്രയേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ മൊജ്തബാ മാർച്ചിൽ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |