
റോം : ഇറ്റലിയിലെ പ്രശസ്തവും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതങ്ങളിൽ ഒന്നുമായ മൗണ്ട് എറ്റ്നയിൽ പൊട്ടിത്തെറി. ജൂൺ 26നാണ് എറ്റ്‌നയിൽ ലാവ പ്രവാഹം തുടങ്ങിയത്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എറ്റ്നയിൽ നിന്ന് ചാരവും പുകയും പുറത്തേക്ക് തെറിക്കുന്നുണ്ടെങ്കിലും നിലവിൽ വ്യോമ ഗതാഗതത്തിനും ഭീഷണിയില്ല.
സിസിലിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപർവതമാണ് എറ്റ്ന. തുടർച്ചയായി പൊട്ടിത്തെറിക്കാറുള്ള എറ്റ്‌നയുടെ സമീപം ജനവാസമില്ല. മൗണ്ട് എറ്റ്നയിൽ കഴിഞ്ഞ 2,000ത്തിലേറെ വർഷങ്ങളായി പൊട്ടിത്തെറികൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 11,014 അടി ഉയരമുള്ള എറ്റ്നയിൽ 2014 മുതൽ സജീവമായി ചെറു പൊട്ടിത്തെറികൾ ഉണ്ടാകുന്നുണ്ട്.
1971ലാണ് എറ്റ്നയിൽ അവസാനമായി ഗുരുതമായ പൊട്ടിത്തെറിയുണ്ടായത്. വൻ കൃഷി നാശമാണ് അന്ന് എറ്റ്നയിൽ നിന്നൊഴുകിയ ലാവ വരുത്തിവച്ചത്. പിന്നീട് 1999ലും സമാന രീതിയിലുണ്ടായ പൊട്ടിത്തെറി കൃഷിയെയും മറ്റും ബാധിച്ചിരുന്നു. എറ്റ്നയെ കൂടാതെ വെസൂവിയസ്, സ്ട്രോംബോളി എന്നിവയും ഇറ്റലിയിലെ തന്നെ സജീവ അഗ്നിപർവതങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |