
മാഡ്രിഡ്: സ്പെയിനിൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് ചികിത്സതേടിയ 60കാരന്റെ മസ്തിഷ്കത്തിൽ ഡോക്ടർമാർ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച. ആദ്യഘട്ടത്തിൽ നടത്തിയ സ്കാനുകളിൽ തലച്ചോറിൽ ചില അസാധാരണമായ മുഴകൾ ഡോക്ടർമാർ കണ്ടെത്തി. ഇത് ഗുരുതര ക്യാൻസറാകാമെന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്.
എന്നാൽ സൂക്ഷ്മമായ പരിശോധന കാര്യങ്ങൾ മാറ്റിമറിച്ചു. ക്യാൻസറിന് പകരം, പന്നിയിറച്ചിയിൽ കാണപ്പെടുന്ന ‘റ്റീനിയ സോളിയം’ എന്ന നാടവിരയുടെ ലാർവകൾ മൂലമുണ്ടായ സിസ്റ്റുകളാണ് അവയെന്ന് കണ്ടെത്തി. രക്തപരിശോധനയിലൂടെ ഇയാൾക്ക് 'ന്യൂറോസിസ്റ്റിസെർക്കോസിസ് 'ബാധയാണെന്ന് സ്ഥിരീകരിച്ചു.
റ്റീനിയ സോളിയത്തിന്റെ മുട്ടകൾ ഉള്ളിൽച്ചെല്ലുകയും, അവ ശരീരത്തിലൂടെ സഞ്ചരിച്ച് ഒടുവിൽ തലച്ചോറിലെത്തി ദ്രാവകം നിറഞ്ഞ സിസ്റ്റുകൾ രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. എന്നാൽ ഇവയെങ്ങനെ രോഗിയുടെ ഉള്ളിൽ പ്രവേശിച്ചെന്ന് വ്യക്തമല്ല.
നന്നായി വേവിക്കാത്ത പന്നിയിറച്ചി കഴിക്കുന്നത് വഴി കുടലിൽ വളരുന്ന വിരകളിൽ നിന്നുള്ള ഇൻഫെക്ഷനുകളിൽ നിന്നും വ്യത്യസ്തമായാണ് ഈ അവസ്ഥയുണ്ടാകുന്നത്. വിട്ടുമാറാത്ത തലവേദന, അപസ്മാരം, തലകറക്കം, പേശി ബലഹീനത, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ഓർമ്മക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ, ജീവന് തന്നെ ഭീഷണിയായേക്കാം. ചികിത്സയിലുള്ള രോഗി സുഖംപ്രാപിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |