
ചെറുമകളുടെ മൃതദേഹവും പൊതുദർശനത്തിന്
ടെഹ്റാൻ: ഇറാനിലെ ടെഹ്റാനിൽ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ മൃതദേഹം വഹിക്കുന്ന പേടകത്തിന് തൊട്ടുതാഴെയായി നാല് പെട്ടികൾ കാണാം. അതിൽ ഒന്ന് ഒരു കുഞ്ഞുപെട്ടി. അതിൽ ഉറങ്ങുന്ന കുരുന്നിന്റെ ചിത്രവും ഒപ്പം.
ഖമനേയിയുടെ ചെറുമകൾ സഹ്‌റ മുഹമ്മദിയുടെ മൃതദേഹമാണ് പെട്ടിയ്ക്കുള്ളിൽ. കൊല്ലപ്പെടുമ്പോൾ വെറും 14 മാസമായിരുന്നു സഹ്റയുടെ പ്രായം. ഫെബ്രുവരി 28ന് ടെഹ്റാനിലുണ്ടായ യു.എസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ മുത്തച്ഛനൊപ്പമാണ് മരണം. സഹ്റയുടെ മാതാപിതാക്കളായ ബൊഷ്‌റ, മെസ്ബ ബാഗേരി കാനി എന്നിവരുടെയും ഖമനേയിയുടെ മരുമകൾ സഹ്‌റ ഹദാദിന്റെയും മൃതദേഹങ്ങൾ അടങ്ങുന്നതാണ് മറ്റ് പെട്ടികൾ. ഖമനേയിയുടെ മൂത്ത മകളാണ് ബൊഷ്‌റ. പുതിയ പരമോന്നത നേതാവായ മൊജ്തബാ ഖമനേയിയുടെ ഭാര്യയാണ് സഹ്‌റ ഹദാദ്.
വെള്ളിയാഴ്ചയാണ് മൃതദേഹങ്ങൾ ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചത്. ഇന്നലെ പൊതുജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങി. കടുത്ത ചൂട് അവഗണിച്ച് കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് ആയിരങ്ങളാണ് ഇവിടേക്കെത്തിയത്. നാളെ ടെഹ്റാനിലൂടെ മൃതദേഹങ്ങളുടെ വിലാപയാത്ര നടക്കും. വ്യാഴാഴ്ച ജന്മനാടായ മഷാദിൽ ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും സംസ്‌കാരം നടക്കും.
പരിഹസിച്ച് ട്രംപ്
സംസ്കാരച്ചടങ്ങുകളെ പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നല്ലവരായ യു.എസ് ചടങ്ങുകൾക്കായി ഇറാന് ഒരാഴ്ചത്തെ അവധി നൽകിയെന്ന് ട്രംപ് പറഞ്ഞു. മേഖലയിൽ ആക്രമണം നിറുത്തിവച്ചതിനെ പറ്റി സംസാരിക്കവെയാണ് പരാമർശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |