
ന്യൂഡൽഹി: വിദ്യാർത്ഥികളുടെ ജീവിതം വച്ച് പന്താടിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ) വൻ അഴിച്ചുപണി നടത്തി കേന്ദ്രസർക്കാർ. 50ലേറെ ജീവനക്കാരെ നീക്കി. 10 പുതിയ പ്രൊഫഷണൽ നേതൃതസ്തികകൾ രൂപീകരിക്കാനും പരീക്ഷാ സംവിധാനത്തിൽ സമഗ്ര ആഭ്യന്തര ഓഡിറ്റ് നടത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി നിർദ്ദേശം നൽകി. പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് നടപടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് പരിഷ്‌കാര നടപടികൾ പ്രഖ്യാപിച്ചത്. ഓഡിറ്റിലൂടെ കണ്ടെത്തിയ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ പരിഹരിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു.
യു.ജി.സി- നെറ്റ് ജൂൺ 2026 പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി ചോദ്യപേപ്പറുകളിലെ പിഴവുകളെ തുടർന്ന് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പുനഃപരീക്ഷയുണ്ടെങ്കിലും വിഷയങ്ങളിലെ യോഗ്യതാ സീറ്റുകൾ കുറയ്ക്കില്ലെന്നും എൻ.ടി.എ അധികൃതർ അറിയിച്ചു.
വരും, പ്രൊഫഷണൽ ടീം
ചീഫ് ടെക്‌നോളജി ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, ടെസ്റ്റ് സെക്യൂരിറ്റി, ഗവേഷണവികസനം, സൈക്കോമെട്രിക്സ് തുടങ്ങിയ പുതിയ മേഖലകളിലാണ് നിയമനം. സൈബർ സുരക്ഷ, ചോദ്യപേപ്പർ രൂപകല്പന, സൈക്കോമെട്രിക്സ് എന്നീ മേഖലകളിൽ സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരെയും ഉൾപ്പെടുത്തും.
മറ്റ് നിർദ്ദേശങ്ങൾ
1.പരീക്ഷയുടെ രഹസ്യ പ്രവർത്തന സംവിധാനം (കോൺഫിഡൻഷ്യൽ ഓപ്പറേഷൻസ്) അടിമുടി മാറ്റുക
2.ചോദ്യപേപ്പർ തയ്യാറാക്കുന്നതിനുള്ള സുരക്ഷിത റൂമുകൾ ശക്തിപ്പെടുത്തുക
3.ഇന്റർനെറ്റിൽ നിന്ന് വേർതിരിച്ച 'എയർ-ഗ്യാപ്ഡ്" സംവിധാനങ്ങൾ ഉപയോഗിക്കുക
4.ഉപകരണങ്ങൾ നിക്ഷേപിക്കുന്നതിൽ കർശന പ്രോട്ടോക്കോൾ പാലിക്കുക
എൻ.ടി.എയുടെ വീഴ്ചകൾക്ക് വിദ്യാർത്ഥികൾ ശിക്ഷ അനുഭവിക്കുകയാണ്. പരീക്ഷ നടത്താൻ കഴിവില്ലാത്ത ഒരു സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാക്കിവയ്ക്കുകയും അതിന്റെ കുറ്റം വിദ്യാർത്ഥികൾക്കു മേൽ കെട്ടിവയ്ക്കുകയുമാണ്.
- രാഹുൽ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |