
റോം: ഇറ്റലിയിലെ സിസിലിയിലെ മൗണ്ട് എറ്റ്ന അഗ്നിപർവ്വതത്തിൽ ഹൈക്കിംഗിനിടെ അമേരിക്കൻ വിനോദ സഞ്ചാരി മിന്നലേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി അഗ്നിപർവ്വതത്തിലെ നിയന്ത്റിത മേഖലയിൽ വച്ചുണ്ടായ ശക്തമായ ഇടിമിന്നലിനിടെയാണ് 30കാരനായ യുവാവ് മരിച്ചത്.
ഫയർഫോഴ്‌സും അടിയന്തര രക്ഷാപ്രവർത്തകരും ചേർന്ന് യുവാവിനെ ഹെലികോപ്‌റ്റർ മാർഗ്ഗം കാറ്റാനിയയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയതും സജീവവുമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മൗണ്ട് എറ്റ്ന. അടുത്തിടെ ഇവിടെയുണ്ടായ പൊട്ടിത്തെറികൾ വ്യോമഗതാഗതത്തെ ബാധിച്ചിരുന്നുവെങ്കിലും, ഇത് കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഭീഷണിയില്ലാത്ത ഭാഗങ്ങളിലേക്ക് സഞ്ചാരികളെ അധികൃതർ നിയന്ത്റണങ്ങളോടെ കടത്തിവിടുന്നുണ്ട്.
പ്രതിവർഷം ഏകദേശം 15 ലക്ഷം ആളുകളാണ് എറ്റ്ന സന്ദർശിക്കുന്നത്. കഴിഞ്ഞ ആഴ്ച എറ്റ്നയിലെ സ്‌ഫോടനത്തെത്തുടർന്ന് ശക്തമായ ചാരം ആകാശത്തേക്ക് വമിച്ചതോടെ കാറ്റാനിയ അന്താരാഷ്‌ട്ര വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |