SignIn
Kerala Kaumudi Online
Monday, 17 August 2026 11.30 PM IST

ഹജ്ജ് തീർത്ഥാടകർക്ക് കർശന നിർദേശം; ഭിക്ഷാടനം നടത്തിയാൽ അറസ്റ്റുചെയ്‌ത് നാടുകടത്തുമെന്ന് മുന്നറിയിപ്പ്

-hajj-umrah-pilgrims
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് എത്തുന്ന പൗരന്മാർക്ക് കർശന നിർദേശവുമായി പാകിസ്ഥാൻ. ഭിക്ഷാടനം, അനധികൃതമായി പണം പിരിക്കുക, സൗദി വിസാ നിയമങ്ങൾ ലംഘിക്കുക തുടങ്ങിയ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പാകിസ്ഥാൻ എംബസി മുന്നറിയിപ്പ് നൽകി. ഉംറ തീർത്ഥാടകരെയും സൗദിയിലെത്തുന്ന തൊഴിലാളികളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ സന്ദേശത്തിലാണ് കർശന നിർദേശം. സൗദിയിലെ നിയമങ്ങളും വിസ നിബന്ധനകളും കർശനമായി പാലിക്കണമെന്നും നിയമലംഘനം ഉണ്ടായാൽ അറസ്റ്റ് അടക്കമുള്ള മേൽനടപടികൾ നേരിടേണ്ടിവരുമെന്നും എംബസി അറിയിച്ചു.

'പാകിസ്ഥാനിൽ നിന്ന് എത്തുന്ന എല്ലാ ഉംറ തീർത്ഥാടകർക്കും തൊഴിലാളികൾക്കുമുള്ള പ്രധാന സന്ദേശം' എന്ന തലക്കെട്ടിൽ എംബസി സോഷ്യൽ മീഡിയയിൽ എ.ഐ സഹായത്തോടെ തയ്യാറാക്കിയ വീഡിയോയും പങ്കുവച്ചു. സൗദി അധികൃതർ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രാദേശിക നിയമങ്ങൾ ലംഘിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നതിനാണ് വീഡിയോ പങ്കുവച്ചത്. മക്കയിലും മദീനയിലുമുൾപ്പെടെ വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം ഭിക്ഷാടനം നടത്തുന്നതിനെതിരെ സൗദി അധികൃതർ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും എംബസി വ്യക്തമാക്കി.

അനധികൃത സേവനങ്ങൾ ഉപയോഗിക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യരുതെന്നും,​ പണപ്പിരിവോ സാമ്പത്തിക സഹായമോ ആവശ്യമെങ്കിൽ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ നടത്താവൂ എന്നും പാകിസ്ഥാൻ എംബസി പൗരന്മാർക്ക് നിർദേശം നൽകി. വിസയുടെ കാലാവധിയും നിബന്ധനകളും കർശനമായി പാലിക്കണമെന്നും,​ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുകയോ അനുവദിച്ചിട്ടില്ലാത്ത ജോലികളിലോ പ്രവർത്തനങ്ങളിലോ ഏർപ്പെടുകയോ ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം 16,73,320 പേർ ഹജ്ജ് തീർത്ഥാടനം നടത്തിയിരുന്നു. ഇതിൽ 15,06,576 പേർ സൗദി അറേബ്യയ്ക്ക് പുറത്തുനിന്നെത്തിയ തീർത്ഥാടകരായിരുന്നു. ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന കർമങ്ങളിൽ ഒന്നാണ് ഹജ്ജ്. തീർത്ഥാടനത്തിന് ആവശ്യമായ സാമ്പത്തികവും ശാരീരികവുമായ ശേഷിയുള്ള മുസ്ലീങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് നിർവഹിക്കണമെന്നാണ് വിശ്വാസം. നിരവധി ദിവസങ്ങളിലായി നടക്കുന്ന ഹജ്ജിന്റെ പ്രധാന ചടങ്ങുകളിൽ പലതും തുറസായ സ്ഥലങ്ങളിലാണ് നടക്കുക.

English Summary

Pakistan's Embassy has issued a strict warning to its citizens visiting Saudi Arabia for Hajj, Umrah, or work. They are urged to refrain from begging, illegal fundraising, and violating Saudi visa laws. The embassy emphasized strict adherence to local regulations, cautioning that non-compliance could lead to arrest and severe legal consequences.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAJJ, UMRAH, PILGRIMS, SAUDI ARABIA, PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360