
ജനീവ: യൂറോപ്യൻ രാജ്യങ്ങളിൽ ഇൻസ്റ്റന്റ് നൂഡിൽസിൽ നിന്ന് സാൽമൊണെല്ല ബാക്ടീരിയ വ്യാപനം. യൂറോപ്യൻ സെന്റേഴ്സ് ഫോർ ഡിസീസ് പ്രിവെൻഷൻ ആൻഡ് കൺട്രോൾ (ഇ.സി.ഡി.സി), യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി എന്നിവ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. യുക്രെയിൻ നിർമ്മിത നൂഡിൽസിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫ്രാൻസ്, ജർമ്മനി, ഹംഗറി, ലാത്വിയ, ലിത്വാനിയ, നെതർലൻഡ്സ്, നോർവേ, പോളണ്ട്, സ്വീഡൻ, യു.കെ എന്നിവിടങ്ങളിലായി 106 പേരിലാണ് ബാക്ടീരിയ മൂലം ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. 2025 നവംബർ മുതൽ ഇക്കൊല്ലം ജൂൺ വരെയുള്ള കണക്കാണിതെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതലും കുട്ടികളെയാണ് ബാക്ടീരിയ ബാധിച്ചത്. 106 കേസുകളിൽ 49 പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. യുക്രെയിൻ നിർമ്മിത റീവ നൂഡിൽസ് ബ്രാൻഡിലേക്കാണ് ബാക്ടീരിയയുടെ ഉറവിടം തേടിയുള്ള അന്വേഷണം ചെന്നെത്തിയത്. പോളിഷ് വിതരണക്കാർ വഴിയാണ് ഇവരുടെ ഉത്പന്നങ്ങൾ യൂറോപ്യൻ മാർക്കറ്റുകളിൽ എത്തിയിരുന്നത്.
ബ്രാൻഡിന്റെ ചിക്കൻ, ഹോട്ട് ചിക്കൻ ഫ്ലേവറുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. പ്രൊഡക്ഷൻ പ്ലാന്റിൽ വച്ചാകാം ബാക്‌ടീരിയ കയറിക്കൂടിയതെന്ന് കരുതുന്നു. വിവിധ ഭക്ഷ്യ സുരക്ഷാ ഏജൻസികൾ ഉത്പന്നങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |