
വാഷിംഗ്ടൺ: ബാങ്ക് ഒഫ് അമേരിക്ക വൈസ് പ്രസിഡന്റായ യുവതി ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ കുത്തേറ്റ് മരിച്ചു. എറിൻ പിയാസെന്റിയാണ് (32) കൊല്ലപ്പെട്ടത്. എറിൻ ഉൾപ്പെടെ 2 പേരെ കുത്തിയ ക്വീൻസ് സ്വദേശി പമേലയെ (49) പൊലീസ് വെടിവച്ചു കൊന്നു. ഇവർ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നതായി സ്ഥിരീകരിച്ചു.
കുത്തേറ്റ 68കാരന്റെ നില തൃപ്തികരമാണ്. വെസ്റ്റ് 42 സ്ട്രീറ്റിനും സെവൻത് അവന്യുവിനും സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ഷോപ്പിംഗ് ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കത്തികൾ ഉപയോഗിച്ചാണ് പമേല ആക്രമണം നടത്തിയത്. ആദ്യം 68കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് എറിനെയും ആക്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ച് വീഴ്ത്തിയത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന പമേലയ്ക്ക് മൂന്നു കുട്ടികളുണ്ട്.
കൈക്കുഞ്ഞിന്റെ മാതാവ്
ബാങ്ക് ഒഫ് അമേരിക്കയുടെ ബിസിനസ് സെലക്ഷൻ ആൻഡ് കോൺഫ്ലിക്ട്സ് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു എറിൻ. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുത്തേറ്റത്. അഞ്ചു മാസത്തെ പ്രസവാവധിക്ക് ശേഷം അടുത്തിടെയാണ് എറിൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. രണ്ടാം വിവാഹ വാർഷികാഘോഷം കഴിഞ്ഞ ദിവസമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |