
ന്യൂയോർക്ക്: മലനിരകൾക്ക് മുകളിലൂടെ കുത്തിയൊലിച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകളിലൊന്നാണ്. വെള്ളത്തിന്റെ ഇരമ്പലും തണുത്ത കാറ്റും ചുറ്റുമുള്ള പച്ചപ്പും ചേർന്ന് ഒരുക്കുന്ന കാഴ്ച ആരെയും ആകർഷിക്കും. എന്നാൽ വെള്ളച്ചാട്ടത്തിന് താഴെ തീ ജ്വാല കണ്ടിട്ടുണ്ടോ? പറഞ്ഞാൽ വിശ്വാസം വരില്ലെങ്കിലും സംഭവം സത്യമാണ്.
വെസ്റ്റേൺ ന്യൂയോർക്കിലെ ബഫല്ലോയ്ക്കടുത്തുള്ള ചെസ്റ്റ്നട്ട് റിഡ്ജ് പാർക്കിലാണ് ഇത്തരമൊരു അപൂർവക്കാഴ്ച ഉള്ളത്. 35 അടി ഉയരത്തിൽ നിന്ന് തട്ടുതട്ടായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടവും അതിന് പിന്നിലെ ചെറുഗുഹയ്ക്കുള്ളിൽ നിരന്തരം കത്തിനിൽക്കുന്ന തീ നാളവുമാണ് ഇവിടത്തെ പ്രത്യേകത. 'എറ്റേണൽ ഫ്‌ളെയിം ഫോൾസ്' എന്നാണ് ഈ വെള്ളച്ചാട്ടത്തിന്റെ പേര്.
നിരന്തരമായി വെള്ളം ഒഴുകുന്നതിനടുത്ത് അണയാതെ തീ എങ്ങനെ നിലനിൽക്കുന്നുവെന്നതാണ് എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്നത്. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകളിൽ നിന്നും ചോരുന്ന പ്രകൃതിവാതകമാണ് ഈ തീ നാളത്തിന് കാരണം. ഗുഹപോലെയുള്ള ഭാഗത്തെ പാറക്കെട്ടിലെ വിള്ളലിനുള്ളിലൂടെ നിരന്തരമായി മീഥൈൻ അടങ്ങിയ വാതകം പുറന്തള്ളപ്പെട്ടുക്കൊണ്ടേയിരിക്കുകയാണ്. ഇത് അന്തരീക്ഷത്തിലെ ഓക്സിജനുമായി കലരുമ്പോഴാണ് തീ കത്തുന്നത്.
പ്രകൃതി വാതക മർദ്ദത്തെ ആശ്രയിച്ച് നാളം മൂന്ന് മുതൽ ഒമ്പത് ഇഞ്ച് വരെ വ്യത്യാസത്തിലാണ് ജ്വലിക്കുന്നത്. എന്നാൽ ഗുഹയിലേക്ക് വെള്ളം കയറുമ്പോഴോ ശൈത്യകാലത്ത് ഐസ് മൂടുമ്പോഴോ ഈ തീ ജ്വാല കെട്ടുപോകാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |