ഏഷ്യൻ ഗെയിംസ് സെയ്‌ലിംഗിൽ മനുവിനും പ്രിൻസിനും വെള്ളി
നഗോയ : എഷ്യൻ ഗെയിംസിൽ പൊൻ വരൾച്ച കണ്ട ഇന്നലെ കടലിനോട് പൊരുതി രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി. പുരുഷന്മാരുടെ സെയ്‌ലിംഗ് സ്കിഫ് വിഭാഗത്തിൽ എറണാകുളം സ്വദേശികയ മനു ഫ്രാൻസിസ് - പ്രിൻസ് നോബിൾ കുരിശിങ്കൽ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന 9 റേസുകളിൽ മികച്ച പ്രകടനം നടത്തിയാണ് 23 നെറ്റ് പോയിന്റുമായി കസിൻസും സുഹൃത്തുക്കളുമായ മനുവും പ്രിൻസും വെള്ളി സ്വന്തമാക്കിയത്.
ഗ്രീക്കോ റോമൻ ഗുസ്‌തിയിൽ പുരുഷന്മാരുടെ 97 കിലോഗ്രാം വിഭാഗത്തിൽ നിതേഷ് സിവാചും വെള്ളി നേടി. ഫൈനലിൽ ജപ്പാന്റെ യൂറി നകാസാറ്റോയോട് പരാജയപ്പെട്ടതോടെയാണ് നിതേഷിന്റെ പൊൻമോഹം പൊലിഞ്ഞത്.
അമ്പെയ്‌ത്ത് കോംപൗണ്ട് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ഗണേഷ് മണിരത്നവും സ്‌ക്വാഷിൽ സെമിയിൽ തോറ്റ പുരുഷ, വനിതാ ടീമുകളും വെങ്കലം നേടി.
പുരുഷ ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയേയും ഹോക്കിയിൽ പാകിസ്ഥാനെയും കീഴടക്കി ഇന്ത്യൻ ടീമുകൾ ഫൈനലിൽ കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |