
സൗദിക്കെതിരെ ആക്രമണം തുടരുന്നു
റിയാദ്: സൗദി അറേബ്യയുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ, യു.എസിന് ശക്തമായ മുന്നറിയിപ്പ് നൽകി യെമനിലെ ഹൂതി വിമതർ. സംഘർഷത്തിൽ ഇടപെട്ടാൽ വേദനാജനകമായ പ്രതികരണമുണ്ടാകുമെന്ന് ഭീഷണി മുഴക്കി.
യെമനിൽ ഹൂതികൾക്കെതിരെ സൗദി സഖ്യ സേന നടത്തുന്ന ആക്രമണങ്ങളിൽ പങ്കുചേരുന്നത് പരിഗണനയിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ പിന്നാലെയാണ് ഹൂതികളുടെ മുന്നറിയിപ്പ്. മിഡിൽ ഈസ്റ്റിലെ യു.എസ് സൈനികരെയും അമേരിക്കൻ ബന്ധമുള്ള കേന്ദ്രങ്ങളെയും ആക്രമിക്കുമെന്നും ചെങ്കടലിലൂടെ പോകുന്ന അമേരിക്കൻ, ബ്രിട്ടീഷ് വാണിജ്യക്കപ്പലുകൾ തകർക്കുമെന്നും ഹൂതികൾ പറഞ്ഞു.
ഭീഷണിയുടെ അടിസ്ഥാനത്തിൽ സൗദിയിലെ അമേരിക്കൻ പൗരന്മാർക്ക് എംബസി ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്തെ പ്രധാന യാത്രാ ഹബ്ബുകളും വിമാനത്താവളങ്ങളും ഒഴിവാക്കാനും നിർദ്ദേശിച്ചു.
# എണ്ണ കേന്ദ്രങ്ങൾ
ആക്രമിച്ച് സൗദി
സൗദിയ്ക്ക് നേരെ ഇന്നലെയും വ്യാപക ഹൂതി വ്യോമാക്രമണങ്ങളുണ്ടായെങ്കിലും ചെറുക്കാനായി. റിയാദിനെയും ഖാമിസ് മുഷൈത്തിനെയും ലക്ഷ്യമിട്ട ഡ്രോണുകളും മിസൈലുകളും തകർത്തു
യെമനിലെ സനായിൽ ഹൂതി നിയന്ത്രണത്തിലുള്ള എണ്ണ കേന്ദ്രങ്ങൾ സൗദി ആക്രമിച്ചു. ചെങ്കടലിലെ കമറാൻ ദ്വീപിലും ഹൊദെയ്ദ തുറമുഖത്തിന് സമീപവും ജൗഫ് പ്രവിശ്യയിലും സ്ഫോടനങ്ങൾ
സാദ നഗരത്തിൽ സൗദി ഡ്രോണിനെ വെടിവച്ചിട്ടെന്ന് ഹൂതികൾ. പ്രതികരിക്കാതെ സൗദി
# ഇസ്രയേലിന്റെ സഹായം നിരസിച്ചു
ഹൂതികളെ ചെറുക്കുന്നതിനുള്ള ഇസ്രയേലിന്റെ സൈനിക സഹായ വാഗ്ദാനം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നിരസിച്ചെന്ന് റിപ്പോർട്ട്. വ്യോമപ്രതിരോധം അടക്കം സഹായങ്ങൾക്ക് തയ്യാറാണെന്ന് യു.എസ് വഴി ഇസ്രയേൽ സൗദിയെ അറിയിച്ചെന്നാണ് പറയപ്പെടുന്നത്. ഇരുരാജ്യങ്ങൾക്കുമിടെയിൽ ഉഭയകക്ഷി ബന്ധം സ്ഥാപിക്കാൻ ഇതു സഹായിക്കുമെന്ന് ഇസ്രയേൽ കണക്കുകൂട്ടിയെന്നും പറയുന്നു. എന്നാൽ രാഷ്ട്രീയ, നയതന്ത്ര പ്രത്യാഘാതങ്ങൾ മുൻനിറുത്തി സൽമാൻ ഇതു നിരസിച്ചെന്ന് ഇസ്രയേലി മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് (റിയാദ്, ജിദ്ദ, ദമാം), ഇൻഡിഗോ (റിയാദ്, ജിദ്ദ, ദമാം, മദീന), ആകാശ (റിയാദ്, ജിദ്ദ) വിമാന സർവീസുകൾ 17 വരെ റദ്ദാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |