
തിരുവനന്തപുരം: രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടിയ കായിക താരങ്ങൾ ജോലി തേടി ഇനി സംസ്ഥാനത്തിന് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. യുവജനകാര്യ, കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്പോർട്സ് അവാർഡ് നൈറ്റ് ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്കുള്ള യാത്രാക്കൂലിയും മറ്റ് സൗകര്യങ്ങളും താൻ ധനകാര്യ മന്ത്രിയായിരിക്കുന്നിടത്തോളം മുടങ്ങില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ കാഷ് അവാർഡുകളും ജി.വി രാജ കായിക അവാർഡുകളും ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.
ഗ്രാമീ മേഖലയിൽ നിന്ന് ഉൾപ്പെടെ യുവതാരങ്ങൾക്ക് 2036 ലെ ഒളിമ്പിക്സിൽ മെഡൽ നേടാനുള്ള കേരള ഒളിമ്പിക്സ് ടീമിനെ രൂപീകരിക്കുന്ന പ്രഖ്യാപനവും ഖേലോ ഇന്ത്യ മാതൃകയിൽ 'ഖേലോ കേരള' പദ്ധതിയുടെ ലോഞ്ചിംഗ് സെറിമണിയും മുഖ്യമന്ത്രി നടത്തി.കേരളത്തിൽ വ്യാപകമായി കളിക്കളങ്ങൾ നിർമ്മിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കായിക മന്ത്രി ഒ.ജെ ജനീഷ് അദ്ധ്യക്ഷനായിരുന്നു. വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ, എം.എൽ.എമാരായ സുധീർഷാ പാലോട്, രമേഷ് പിഷാരടി, മുൻ കായിക താരങ്ങളായ ഷൈനി വിൽസൺ, അഞ്ജു ബോബി ജോർജ്, ഐ.എം വിജയൻ., പി.ആർ ശ്രീജേഷ് തുടങ്ങിയവർ പങ്കെടുത്തു.ആൻസി സോജൻ,എൽദോസ് പോൾ ഉൾപ്പടെയുള്ള കായികതാരങ്ങൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |