SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.10 PM IST

സഞ്ചാരികളുടെ സ്വകാര്യവസ്‌തുക്കൾ മണത്തുനോക്കി പരിശോധിച്ചു; പാക്‌ പൊലീസിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

viral-visuals
സഞ്ചാരികളുടെ ലഗേജുകൾ മണത്തുനോക്കി പരിശോധിക്കുന്ന പാക്‌ പൊലീസ്

കറാച്ചി: ട്രെയിൻ യാത്രയ്‌ക്കിടെ വിനോദസഞ്ചാരികളുടെ സ്വകാര്യ വസ്‌തുക്കൾ മണത്തുനോക്കി പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥന് രൂക്ഷവിമർ‌ശനം. യാത്രക്കാരുടെ സ്വകാര്യത ലംഘിക്കുന്നവിധത്തിലാണ് പാകിസ്ഥാൻ പൊലീസ് പെരുമാറിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമ‌ർശനം. ലാഹോറിൽനിന്ന് കറാച്ചിയിലേക്ക് സർവീസ് നടത്തുന്ന ഗ്രീൻ ലൈൻ ട്രെയിനിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മലേഷ്യൻ സ്വദേശിയായ എമോൺ ആണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ജർമ്മൻ സ്വദേശിയായ ലൂയിസയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പാകിസ്ഥാൻ പൊലീസിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിലായിരുന്നു ഇരുവരുടെയും യാത്ര. ഇവിടേയ്‌ക്കെത്തിയ ഉദ്യോഗസ്ഥൻ ഇരുവരുടെയും ടിക്കറ്റ്, പാസ്‌പോർട്ട്, യാത്രാ രേഖകൾ തുടങ്ങിയവയാണ് ആദ്യം പരിശോധിച്ചത്. ഏകദേശം പത്തുമിനിറ്റിനുശേഷം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെത്തിയാണ് ലഗേജുകൾ പരിശോധിച്ചത്.


വീഡിയോയിൽ ഉദ്യോഗസ്ഥൻ എമോണിനെ ദേഹപരിശോധനയ്‌ക്ക് വിധേയനാക്കുന്നതും തുടർന്ന് ലൂയിസയോട് പരിശോധനയ്‌ക്കായി എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നതും കാണാം. പിന്നീട് യുവതിയുടെ ബാഗ് തുറന്ന് വസ്‌ത്രങ്ങൾ, സോക്‌സുകൾ, മേക്കപ്പ് കിറ്റ് എന്നിവയുൾപ്പടെയുള്ള സാധനങ്ങൾ പരിശോധിക്കുന്നു. ഇതിനിടെ ബാഗിലുള്ള ഓരോ വസ്‌തുവും ഉദ്യോഗസ്ഥൻ മണത്തുനോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിൽ യാത്രക്കാർ ഇരുവരും അസ്വസ്ഥരാകുന്നതും ദൃശ്യങ്ങളിൽനിന്ന് മനസിലാക്കാം.

യാത്രക്കാകെ പരിശോധനയ്‌ക്ക് വിധേയരാക്കുന്നത് സുരക്ഷാ നടപടികളുടെ ഭാഗമാണെങ്കിലും സ്വകാര്യ വസ്‌തുക്കൾ പരിശോധിച്ച രീതിയാണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കിയത്. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെ പരിഹസിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. പരിശോധനയെ ഉപദ്രവമായി വിശേഷിപ്പിച്ച ചിലർ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പരിശോധനയെ പിന്തുണച്ചും ചിലർ രംഗത്തെത്തി. നിരോധിത മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള വസ്‌തുക്കൾ കണ്ടെത്തുന്നതിനായിരിക്കാം ഉദ്യോഗസ്ഥൻ പരിശോധന നടത്തിയതെന്നാണ് അത്തരക്കാരുടെ വാദം.

English Summary

A Pakistani police officer went viral for smelling foreign tourists’ belongings during a train inspection, sparking privacy concerns and social media criticism.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN POLICE PRIVACY VIOLATION, TOURIST PRIVACY VIOLATION, PAKISTAN POLICE CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360