SignIn
Kerala Kaumudi Online
Sunday, 20 September 2026 5.37 PM IST

ചീസ് കഴിക്കൂ, ഉറങ്ങൂ... ശമ്പളം റെഡി !

pic

ന്യൂയോർക്ക് : ഒന്നും ചെയ്യാതെ വെറുതെ ഇരുന്ന് സമ്പാദിക്കാൻ ആഗ്രഹമുണ്ടോ. എങ്കിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് അത്തരമൊരു ജോലി റെഡിയാണ്. ശമ്പളം 1000 ഡോളർ ( 81,500 രൂപ ) ആണ്. ഇനി ജോലി എന്തെന്ന് പറയാം. ചീസ് കഴിക്കുക, രാത്രി സുഖമായി ഉറങ്ങുക.! അതെ, സംഭവം സത്യമാണ്. കഴിക്കുക, ഉറങ്ങുക... ഇതാണ് ജോലി. ഒപ്പം ആകർഷകമായ ശമ്പളവും. കഴിക്കാൻ ലഭിക്കുന്നത് ഏറെ രുചികരമായ ചീസാണ്.

ഉറങ്ങാൻ പോകുന്നതിന് മുന്നേ ചീസ് കഴിച്ചാൽ ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ ഉണ്ടാകുമെന്നാണ് യൂറോപ്യൻ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിൽ അത് ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം എന്ന് ഉറപ്പിച്ച് സ്ലീപ് ജങ്കീ എന്ന റിവ്യൂ സംരംഭമാണ് ഈ കിടിലം ജോലിക്ക് രൂപം നൽകിയിരിക്കുന്നത്. ഉറക്കത്തെ സംബന്ധിച്ച പഠനങ്ങളും മെത്തകൾ സംബന്ധിച്ച റിവ്യൂകളും നടത്തുന്ന വെബ്‌സൈറ്റാണ് സ്ലീപ് ജങ്കീ. കമ്പനിയുടെ ' ഡയറി ഡ്രീമേഴ്സ്" പോസ്റ്റിലേക്കാണ് ഇപ്പോൾ വോളന്റിയർമാരെ ക്ഷണിച്ചിരിക്കുന്നത്.

ചീസ് മനുഷ്യരുടെ ഉറക്കത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് ഇത്. തിരഞ്ഞെടുക്കപ്പെടുന്ന വോളന്റിയർമാർക്ക് കമ്പനി വിവിധ തരത്തിലെ ചീസുകൾ ഉറങ്ങാൻ പോകുന്നതിന് മുന്നേ നൽകും. ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുന്ന വോളന്റിയർമാർ തങ്ങളിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിച്ച് സത്യസന്ധമായി കമ്പനിയെ അറിയിക്കണം. എത്രത്തോളം ഉറങ്ങാൻ പറ്റി, കണ്ട സ്വപ്നങ്ങൾ തുടങ്ങി ഉറക്കവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തി കൃത്യമായി നൽകണം.

നിലവിൽ 5 പേരെയാണ് കമ്പനിക്ക് വോളന്റിയർമാരായി വേണ്ടത്. മൂന്ന് മാസമാണ് ജോലി. ഓരോ ആഴ്ചയും വ്യത്യസ്ത ഇനം ചീസുകൾ കമ്പനിയിൽ നിന്ന് ലഭിക്കും. വേഗൻ, ലാക്ടോസ് ഫ്രീ തുടങ്ങിയ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ചീസ് കഴിക്കുന്നതും ഉറങ്ങുന്നതുമൊക്കെ കൃത്യ സമയത്ത് വേണം. ഒരു ഇനം ചീസ് തന്നെ ഒരാഴ്ച മുഴുവൻ നൽകും. അടുത്ത ഒരാഴ്ച ഇടവേളയാണ്. തൊട്ടടുത്ത ആഴ്ച മറ്റൊരു ഇനം ചീസ് നൽകും.

ഫലങ്ങൾ കൃത്യമായി റെക്കോഡ് ചെയ്യാനാണ് ഇത്. ചീസിന്റെ മുഴുവൻ ചെലവും കമ്പനി വഹിക്കും. അപേക്ഷകർക്ക് കുറഞ്ഞത് 21 വയസ് വേണം. ഉറക്കം അളക്കാൻ സ്മാ‌ർട്ട് വാച്ചോ ഫിറ്റ്നസ് ട്രാക്കറോ സ്വന്തമായി വേണം. കൃത്യമായി ഉറങ്ങുന്നവരും ഉറക്ക സംബന്ധമായ മറ്റ് പ്രശ്നങ്ങൾ ഇല്ലാത്തവരും ആകണം. എല്ലാത്തിനുമുപരി പാലുൽപ്പനങ്ങൾ ഏറെ ഇഷ്ടമുള്ളവർ ആകണം. മാർച്ചിലാണ് ജോലി തുടങ്ങുന്നത്. അമേരിക്കക്കാർക്കാണ് അവസരം. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360