SignIn
Kerala Kaumudi Online
Sunday, 20 September 2026 12.16 AM IST

ഏകദിന ക്രിക്കറ്റിൽ റിഷഭ് പന്തിന്റെ ഭാവി ചോദ്യചിഹ്നത്തിൽ; സെലക്ടർമാർ അന്തിമ തീരുമാനത്തിലെന്ന് മുൻ ഇന്ത്യൻ താരം

rishabh-pant
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്

മുംബയ്: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ഭാവിയെക്കുറിച്ച് സെലക്ടർമാർ അന്തിമ തീരുമാനത്തിലെത്തിക്കഴിഞ്ഞെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിയോ ഹോട്സ്റ്റാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായി പന്തിനെ നിയമിച്ചത് താരത്തിന്റെ റെഡ്‌ബോൾ ക്രിക്കറ്റിലുള്ള പ്രാധാന്യം വ്യക്തമാക്കുന്നുണ്ടെന്നും ചോപ്ര പറഞ്ഞു.


ടെസ്റ്റ് ക്രിക്കറ്റിൽ പന്ത് നിർണായക സാന്നിദ്ധ്യമാണെങ്കിലും, ഏകദിന ടീമിൽ അദ്ദേഹത്തിന്റെ സാഹചര്യം മാറിയിരിക്കുകയാണെന്ന് ആകാശ് ചോപ്ര വിലയിരുത്തി. 'റിഷഭ് പന്ത് തികച്ചും വ്യത്യസ്തനായ ഒരു താരമാണ്. അദ്ദേഹം ടെസ്റ്റ് ടീമിൽ പ്രധാനിയാണെങ്കിലും, അവിടെ വൈസ് ക്യാപ്ടൻ സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ ഏകദിന ക്രിക്കറ്റിലാകട്ടെ, കളിക്കളത്തിലിറങ്ങാൻ പോലും അവസരം നൽകാതെ പന്തിനോട് പടിയിറങ്ങാൻ ആവശ്യപ്പെട്ടിരിക്കുകയാണ്,' - ചോപ്ര വ്യക്തമാക്കി.


2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങൾ ഇന്ത്യ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ഒരേയൊരു ഏകദിനം മാത്രമാണ് പന്ത് കളിച്ചിട്ടുള്ളത്. 2024ലെ ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം അദ്ദേഹത്തെ ട്വന്റി-20 ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ശുഭ്മാൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്. രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും 15 അംഗ ടീമിൽ ഇടംനേടിയപ്പോൾ, ശ്രേയസ് അയ്യർ ഏഷ്യൻ ഗെയിംസ് ക്യാമ്പിലാണ്. ധ്രുവ് ജുറേലാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. കെ.എൽ രാഹുൽ പുതിയ വൈസ് ക്യാപ്ടനായും ചുമതലയേറ്റു.

വരാനിരിക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. സെപ്തംബർ 27നാണ് പരമ്പരയിലെ ആദ്യ മത്സരം. സെപ്തംബർ 30ന് ഗോഹട്ടിയിലും ഒക്ടോബർ മൂന്നിന് ന്യുചണ്ഡിഗഡിലുമാണ് മത്സരങ്ങൾ നടക്കുന്നത്.

English Summary

Former Indian cricketer Aakash Chopra believes selectors have made up their minds about Rishabh Pant's limited-overs future after he was left out of India's squad for the upcoming ODI series against the West Indies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RISHABH PANT, SPORTS, AKASH CHOPRA, LATESTNEWS, INDVSWI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360