
പന്തളം: കുളനടയിൽ കൈപ്പുഴ ഭാഗത്ത് വീടിന്റെ മുൻവാതിലും അലമാരയും കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്ന കേസിൽ ഒരാളേക്കൂടി പന്തളം പൊലീസ് അറസ്റ്റുചെയ്തു. കേസിലെ മുഖ്യപ്രതികളിലൊരാളായ തെങ്കാശി കടയനല്ലൂർ സ്വദേശി സബ്ജയിൽ രാജ എന്ന് വിളിക്കുന്ന മരുതരാജ് (28) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. ഒരു കൊലപാതക കേസും, ആറ് വധശ്രമ കേസുകളും, നിരവധി കവർച്ച കേസുകളുമടക്കം അമ്പതോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ അടക്കംനിരവധി പൊലീസ്‌സ്റ്റേഷനിലുകളിൽപിടികിട്ടാപ്പുള്ളിയാണ് ഇയാൾ. നാലുപേരെ നേരത്തേ പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ സജീഷ് കുമാർ, സബ് ഇൻസ്പെക്ടർ യു.വി.വിഷ്ണു, പൊലീസ് ഉദ്യോഗസ്ഥരായ എസ്.അൻവർഷ, ആർ. രഞ്ജിത്ത്, നിയാസ്, ബി.അരുൺ, സിജു എന്നിവർ ചേർന്നാണ് തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നും ഇയാളെ പിടികൂടിയത്. ഈ കേസിൽ ഇനി രണ്ടുപേരേക്കൂടി പിടികൂടാനുണ്ട്. ഫെബ്രുവരി 29ന് പുലർച്ചെയാണ് എം.സി റോഡിനരികിലുള്ള കൈപ്പുഴ ലക്ഷ്മിനികേതനിൽ വി. ബിജുനാഥിന്റെ വീട്ടിൽ മോഷണം നടന്നത്. കിടപ്പുമുറിയിൽ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും എ.ടി.എം. കാർഡുകളുമടങ്ങിയ ബാഗുമാണ് മോഷ്ടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |