
വെള്ളറട: ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തിനിടെ എസ്.ഐയെ ആക്രമിച്ച കേസിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പ്രവർത്തകനും പൊലീസിനു കീഴടങ്ങി. സി.പി.എം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി നെല്ലിശ്ശേരി സ്വദേശി എസ്. പ്രദീപ് (55),പ്രവർത്തകൻ ആറാട്ടുകുഴി സ്വദേശി സതീഷ് (43) എന്നിവരാണ് ഇന്നലെ വെള്ളറട സ്റ്റേഷനിൽ കീഴടങ്ങിയത്.
കഴിഞ്ഞമാസം വെള്ളറട ചൂണ്ടിക്കൽ ശ്രീ ഭദ്രകാളി ദേവിക്ഷേത്രത്തിലെ കൊടിക്കൂറ ഘോഷയാത്രക്കിടെ വെള്ളറടയിൽ വച്ച് യുവാക്കൾ നൃത്തം ചെയ്തിരുന്നു. ഇതിനിടെ പൊലീസുകാരെത്തി യുവാക്കളെ മർദ്ദിച്ചത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സംഘവും ചോദ്യം ചെയ്‌തു. ഈ സമയം എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘവും സി.പി.എം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
എസ്. ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രണ്ടാം പ്രതി കിളിയൂർ സ്വദേശി ശ്യാമിനെ നേരത്തെ പിടികൂടിയിരുന്നു. പ്രദീപും സതീഷും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യ ഹർജിയുമായി സമീപിച്ചെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഇരുവരും കീഴടങ്ങിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |