കോഴിക്കോട്: ജാമ്യത്തുക തിരുത്തി ചതിച്ചെന്ന പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുത്തു. കമ്മിഷണർ ഓഫീസിലെ അറ്റൻഡന്ററായിരുന്ന എം.കെ. രജീഷ് 2023ൽ നൽകിയ പരാതിയിലാണ് ഡയറക്ടർമാർ ഉൾപ്പെടെ 13 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തത്. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസ് സൊസൈറ്റി ഭരണസമിതിക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത്.
10 മാസം മുമ്പ് കമ്മിഷണർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ അഡിഷണൽ എസ്.പി കേസെടുത്ത് അന്വേഷിക്കാൻ നിർദ്ദേശിച്ചെങ്കിലും ഭരണ സ്വാധീനമുപയോഗിച്ച് ചെയ്തില്ലെന്ന് കമ്മിഷണർക്ക് വീണ്ടും ലഭിച്ച പരാതിയിലാണ് ഇപ്പോൾ നടപടിയെടുത്തത്. സംഘം ഭരണസമിതി അംഗങ്ങൾ, കമ്മിഷണർ ഓഫീസിലെ ഒരു ജീവനക്കാരൻ, കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ എന്നിവരാണ് പ്രതികൾ. ഇവരുടെ പേര് എഫ്. ഐ.ആറിൽ രേഖപ്പെടുത്തിയിട്ടില്ല. കമ്മിഷണർ ഓഫീസിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകൻ പി. ബിപിന് രണ്ടര ലക്ഷം രൂപ വായ്പയെടുക്കാൻ രജീഷ് ജാമ്യം നിന്നിരുന്നു. പ്രതികൾ 2023 ജൂൺ 23ലെ ബോർഡ് മീറ്റിംഗിൽ അത് 25 ലക്ഷമാക്കി തിരുത്തി. തുടർന്ന് 25 ലക്ഷം വായ്പയനുവദിച്ചു. വായ്പ തിരിച്ചടയ്ക്കാതായതോടെ രജീഷിൽ നിന്ന് കുടിശ്ശികയടക്കം 33 ലക്ഷം ഈടാക്കാൻ തീരുമാനിച്ചു. ഇതിനെതിരെയാണ് രജീഷ് പരാതി നൽകിയത്. കമ്മിഷണർ ഓഫീസിൽനിന്ന് വ്യാജ പേ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും സൊസൈറ്റിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നും പരാതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |