
തൃശൂർ: 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ 25.5 ഗ്രാം എം.ഡി.എം.എയുമായി കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. പൊറത്തിശ്ശേരി കരിവന്നൂർ സ്വദേശി നെടുംപുരയ്ക്കൽ വീട്ടിൽ ഷമീറിനെയാണ് (41) നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ പൊലീസ് പ്രതിക്കെതിരെ ചുമത്തിയ കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ചാണ് പ്രതി നഗരത്തിൽ ലഹരി വിൽപ്പനയ്‌ക്കെത്തിയത്.
ജൂലായ് 11ന് രാവിലെ നെടുപുഴ എസ്.ഐ: പി.സി. സനേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടപ്പിന്നി ആലുംവഴി റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിൽ വരികയായിരുന്ന പ്രതിയെ ലഹരിമരുന്നുമായി പിടികൂടിയത്. ബംഗളൂരു നിന്നും വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ രാസലഹരിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പ്രതിക്കെതിരെ ചേർപ്പ്, ഇരിങ്ങാലക്കുട, വലപ്പാട്, മണ്ണുത്തി, കയ്പമംഗലം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി 11ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം എ.സി.പി: എം. ശശീധരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അന്വേഷണ സംഘത്തിൽ നെടുപുഴ എസ്.ഐ പി.സി. സനേഷ്, സീനിയർ സി.പി.ഒമാരായ ശിവകുമാർ, അനിൽകുമാർ, സി.പി.ഒമാരായ അജയ് മോഹൻ, അഭീഷ് ആന്റണി, അജീഷ്, വിശാഖ് എന്നിവർ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |