
കൊച്ചി: തൂഫാനുമായി പൊലീസും തണ്ടറുമായി എക്‌സൈസും ജില്ലയാകെ ഓപ്പറേഷനുകൾ കടുപ്പിച്ചതോടെ ലഹരി, അബ്കാരി കേസുകളിലടക്കം വലയിലായത് 869 പേർ. പൊലീസ് 587 പേരെ വലയിലാക്കിയപ്പോൾ എക്‌സൈസ് 282 പേർക്കെതിരെ നടപടി സ്വീകരിച്ചു. ലഹരി വ്യാപനം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പാണ് ഓപ്പറേഷനുകൾ തുടക്കമിട്ടത്. പൊലീസും എക്‌സൈസും കൈകോർത്തതോടെ കൊച്ചിയിൽ മയക്കുമരുന്ന് കൈമാറ്റത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
എറണാകുളം എക്‌സൈസ് ഡിവിഷൻ പരിധിയിൽ ജൂൺ ഒന്ന് മുതൽ 30 വരെ നടന്ന ഓപ്പറേഷൻ തണ്ടറിൽ 121 അബ്കാരി കേസുകളും 711 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. റെയ്ഡുകളിൽ 165.672 ഗ്രാം എം.ഡി.എം.എ, 72.597 ഗ്രാം ഹെറോയിൻ, 12.56 ഗ്രാം മെത്താംഫെറ്റാമൈൻ, 28.398 ഗ്രാം ഹാഷിഷ് ഓയിൽ, 17.35 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ലഹരി വില്പനയിലൂടെ ലഭിച്ച 2,72,337 രൂപയും കടത്തിന് ഉപയോഗിച്ച ഏഴ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അബ്കാരി റെയ്ഡുകളിൽ 420 ലിറ്ററിലധികം വിദേശമദ്യവും 128 ലിറ്റർ വാഷും പിടികൂടിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാനിലൂടെ 573.256 ഗ്രാം എം.ഡി.എം.എ, 37.296 കിലോഗ്രാം കഞ്ചാവ്, 1.028 കിലോഗ്രാം ഹാഷിഷ് ഓയിൽ, 309.13 ഗ്രാം ബ്രൗൺ ഷുഗർ, 11 എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾക്കെതിരെ 152 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. ലഹരിക്കെതിരെയുള്ള നടപടികൾക്കൊപ്പം ബോധവത്കരണത്തിന്റെ ഭാഗമായി 85 ക്ലാസുകളും എക്‌സൈസ് സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന ഊർജ്ജിതമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |