കൊച്ചി: റോഡരികിൽ നിന്ന് കടത്തിയ ഓട്ടോയിൽ ഊരുചുറ്റിയ കള്ളൻമാർ പിടിയിലായി. കൂട്ടത്തിലെ മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കൊല്ലം വെളിനെല്ലൂർ പയ്യാകോട് ആനപ്പാറ ചരുവിള വീട്ടിൽ ഷഹിൻ മുഹമ്മദ് (33), കോട്ടയം ഈരാറ്റുപേട്ട തളപ്പാടം കളത്തുംകാവ് കോലോത്തുംകുഴിയിൽ കെ.ജി. സാംരഗ് (23) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാരിവട്ടം മഠത്തിൽപ്പറമ്പ് റോഡിലെ ഫ്ലാറ്റിന് സമീപം റോഡരികിൽ പാർക്ക് ചെയ്ത പൂണിത്തുറ സ്വദേശി മുഹമ്മദ് റിസ്വാന്റെ ഓട്ടോയാണ് 13ന് പുലർച്ചെ ഒന്നിന് മൂന്ന് പേരടങ്ങുന്ന സംഘം കടത്തിയത്. ഓട്ടോയുടെ താക്കോൽ എടുക്കാൻ റിസ്വാൻ മറന്നതാണ് വിനയായത്. പുലർച്ചെ ഓട്ടത്തിന് എത്തിയപ്പോഴാണ് ഓട്ടോയില്ലെന്ന് ഉടമ അറിയുന്നത്. സുഹൃത്തുക്കൾ എടുത്തതാണെന്ന് ആദ്യം കരുതി. മോഷണമാണെന്ന് മനസിലായതോടെ റിസ്വാൻ സ്കൂട്ടറിൽ പലയിടങ്ങളിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച പാടിവട്ടം ഭാഗത്ത് ഓട്ടോയുമായി പോകുന്ന കള്ളൻമാരെ കണ്ടത്.
ആൾക്കാരുടെ സഹായത്തോടെ ഓട്ടോ തടഞ്ഞുനിർത്തി ഷാഹിൻ മുഹമ്മദിനെയും സാംരഗുവിനെയും പിടികൂടി പാലാരിവട്ടം പൊലീസിന് കൈമാറി. ഓട്ടോ ഓടിച്ച വയനാട് സ്വദേശിയാണ് കടന്നത്. വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് മൂവർ സംഘമെന്ന് പൊലീസ് സംശയിക്കുന്നു. ചളിക്കവട്ടം ഭാഗത്ത് കൊറിയർ സ്ഥാപനത്തിൽ പ്രതികൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. നിലവിൽ തൊഴിൽരഹിതരാണ്. ഷഹിൻ മുഹമ്മദ് അടിപിടി കേസിലും സാരംഗ് ലഹരി കടത്ത് കേസിലും പ്രതികളാണ്. എസ്.ഐ ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |