
കിഴക്കമ്പലം: പാർട്ടിക്കിൾ, എം.ഡി.എഫ് ബോർഡുകൾ വാങ്ങിയ വകയിൽ 27.74 ലക്ഷം രൂപ നൽകാതെ വ്യാജ ഒപ്പിട്ട ചെക്ക് നൽകി വഞ്ചിച്ചെന്ന പരാതിയിൽ 3 പേർക്കെതിരെ കേസെടുത്തു. കൊല്ലം എടക്കിടം പ്ലാവിള പുത്തൻവീട്ടിൽ സലിംകുമാർ കുമാരൻ, ശബരി സലിം, പത്മനാഭൻ ബീനാകുമാരി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കുന്നത്തുനാട് പൊലീസ് കേസെടുത്തത്. ഐരാപുരം റബർ പാർക്കിൽ പ്രവർത്തിക്കുന്ന 'പോസിറ്റീവ് ചിപ്പ് ബോർഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ ഡയറക്‌ടർ ടി.ഐ ജാഫർ നൽകിയ പരാതിയിലാണ് നടപടി.
തമിഴ്‌നാട് തെങ്കാശിയിൽ ഫർണിച്ചർ നിർമ്മാണ ബിസിനസ് നടത്തുന്ന ശബരി ഫർണിച്ചർ ആൻഡ് ഇന്റീരിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരായ പ്രതികൾ, പോസിറ്റീവ് ചിപ്പ് ബോർഡ്‌സ് കമ്പനിയിൽ നിന്ന് 27,74,432രൂപ വിലവരുന്ന പാർട്ടിക്കിൾ, ലാമിനേറ്റഡ്, എം.ഡി.എഫ് ബോർഡുകൾ പലപ്പോഴായി വാങ്ങിയിരുന്നു. തുക യഥാസമയം നൽകാൻ പ്രതികൾ തയാറായില്ല. പണം ആവശ്യപ്പെട്ടതിനെത്തുടർന്ന്, തെങ്കാശിയിലെ യൂണിയൻ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ വീതമുള്ള രണ്ട് ചെക്കുകൾ നൽകി.
പെരുമ്പാവൂരിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ഹാജരാക്കിയപ്പോൾ ഒപ്പിൽ വ്യത്യാസമുണ്ടെന്ന് കാട്ടി ബാങ്ക് അധികൃതർ ചെക്കുകൾ മടക്കി. തുടർന്ന് കോലഞ്ചേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് പ്രകാരം കുന്നത്തുനാട് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |