SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

വിദ്യാർത്ഥി തെറിച്ചുവീണ സംഭവം: സ്വകാര്യബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസ്

aa

കൊച്ചി: സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാതെ കടന്നുകളഞ്ഞ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. അപകടത്തിനിടയാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി. പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങാനായി ബസ് തിരിക്കുന്നതിനിടെയായിരുന്നു സംഭവം.

ആലുവ - തോപ്പുംപടി റൂട്ടിലോടുന്ന 'അൻസായി' എന്ന സ്വകാര്യബസാണ് ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഠാരിബാഗിലെ സ്കൂളിൽനിന്ന് തോപ്പുംപടിയിലെ വീട്ടിലേക്ക് പോയ 14കാരനാണ് ബസിന്റെ തുറന്നുകിടന്ന പിൻവാതിലിലൂടെ തെറിച്ചുവീണ് പരിക്കേറ്റത്. 11ന് വൈകിട്ട് 5.20ന് വെല്ലിംഗ്ടൺ എ.ടി.എസ് ജംഗ്ഷനിലായിരുന്നു സംഭവം. തോപ്പുംപടി വരെ പോകേണ്ട ബസ്, യാത്രക്കാരില്ലാത്തതിനാൽ ജംഗ്ഷനിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാൻ വളച്ചെടുക്കുന്നതിനിടെയാണ് വിദ്യാർത്ഥി റോഡിലേക്ക് വീണത്. ബസ് നിറുത്താതെ ഓടിച്ചുപോയി.

വിദ്യാർത്ഥിയുടെ ഇടത് തോളിന്റെ എല്ലിന് പൊട്ടലുണ്ട്. ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് പിതാവ് ഹാർബർ സ്റ്റേഷനിലെത്തി പരാതി നൽകിയത്. വിദ്യാർത്ഥി തെറിച്ചുവീഴുന്ന ദൃശ്യം ബസിലെ സി.സി ടിവി ക്യാമറയിൽനിന്ന് പൊലീസിന് ലഭിച്ചു. യാത്ര അവസാനിപ്പിച്ച ബസിൽനിന്ന് വിദ്യാർത്ഥി ഇറങ്ങുന്നതും ബസ് വളയ്ക്കുന്നതും ഒരേ സമയത്താണെന്ന് പൊലീസ് പറഞ്ഞു.

സംഭവസമയത്ത് കണ്ടക്ടർ മുൻവശത്തായിരുന്നു. യാത്രക്കാർ ആരുമില്ലെന്ന ധാരണയിലാണ് എ.ടി.എസ് ജംഗ്ഷനിൽ യാത്ര അവസാനിപ്പിച്ചതെന്ന് കണ്ടക്ടർ പറയുന്നു. വിദ്യാർത്ഥി തെറിച്ചുവീണത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഇയാൾ പറഞ്ഞു.

അപകടസമയത്ത് ബസ് ഓടിച്ചിരുന്നത് ഉടമയാണ്. ഇന്നലെ ബസ് കസ്റ്റഡിയിലെടുക്കുമ്പോൾ മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും പരിക്കേറ്റയാൾക്ക് വൈദ്യസഹായം ലഭ്യമാക്കാതെ കടന്നുകളഞ്ഞതിനുമാണ് കേസ്. യാത്രാസമയത്ത് വാതിലുകൾ അടച്ചിട്ടിരിക്കണമെന്ന നിബന്ധന പാലിക്കാത്തതിനും കേസെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY