
അതിരപ്പിള്ളി: മലയോര ഹൈവേയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന കമ്പിയും മറ്റു നിർമ്മാണ വസ്തുക്കളും മോഷ്ടിച്ച മൂന്നുപേർ പിടിയിൽ. പുതുക്കാട് സ്വദേശി മിന്റോ(27), വെറ്റിലപ്പാറ സ്വദേശികളായ ശരത് രാജ്(28), വിഷ്ണു(26) എന്നിവരെയാണ് അതിരപ്പിള്ളി പൊലീസ് പിടികൂടിയത്. മിന്റോ കാപ്പ കേസിൽ പ്രതിയാണ്. പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽ എട്ടോളം കേസുകളുണ്ട്. വൈശേരി മേഖലയിൽ നിന്നും നിർമ്മാണ സാധനങ്ങൾ എടുക്കുന്നത് തൊഴിലാളി കാണുകയും മൊബൈലിൽ ദൃശ്യം പകർത്തി പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് മൂവരേയും പിടികൂടുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ ചാലക്കുടിയിലെ ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റു. എസ്.എച്ച്.ഒ മനീഷ് പൗലോസ്, എസ്.ഐമാരായ കെ.ഐ.മാർട്ടിൻ, സി.ഡി.ബിജു, ബൈജു, സി.പി. ഒമാരായ രതീഷ്, രഞ്ജിത്ത് ലാൽ, ബിനോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |