
കുമളി: കുമളിയിൽ 16 കാരിയായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ഒന്നാംമൈൽ തോട്ടത്തിൻകുഴിയിൽ അഭിരാജൻ (21) ആണ് പിടിയിലായത്. ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. കുട്ടിയുടെ പിതാവിന്റെ വാഹനത്തിൽ മുൻപ് ഡ്രൈവറായിരുന്നു അഭിരാജൻ. ഇരുവരും തമ്മിൽ സൗഹൃദത്തിലായ ശേഷം പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാളുമായുള്ള ബന്ധം പിതാവ് ചോദ്യം ചെയ്തതോടെ കുട്ടി കുമളി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ച ശേഷം കുട്ടിയെ പിതാവുമായി പിരിഞ്ഞുതാമസിക്കുന്ന മാതാവിനൊപ്പം വിട്ടയച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് കുട്ടി അച്ഛനൊപ്പം വീണ്ടും തിരികെയെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |